കാസർകോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് മുന്നോടിയായി മണ്ഡലം ഭാരവാഹികളുടെ അഭിപ്രായം തേടി ബി.ജെ.പി നേതൃത്വം. ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളായി പരിഗണിക്കാൻ യോഗ്യതയുള്ള മൂന്ന് വീതം ആളുകൾക്ക് ലഭിക്കുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയെ നിർണയിക്കാനാണ് വോട്ടെടുപ്പ്. പ്രത്യേകഫോറത്തിലാണ് രഹസ്യസ്വഭാവമുള്ള വോട്ടെടുപ്പ് നടന്നത്. ഓരോ മണ്ഡലങ്ങളിലെയും സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, 13 അംഗ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, മഹിളാമോർച്ച, യുവമോർച്ച ജില്ലാ ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ എന്നിവർക്കാണ് സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാൻ അവകാശമുള്ളത്. സ്ഥാനാർത്ഥി നിർണയത്തിലെ ആക്ഷേപങ്ങൾ ഒഴിവാക്കുന്നതിനും സ്ഥാനാർത്ഥിയെ മേൽകമ്മിറ്റി അടിച്ചേൽപ്പിച്ചുവെന്ന പരാതി ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് പാർട്ടി നേതൃത്വം മണ്ഡലത്തിലെ പ്രധാന പ്രവർത്തകരിൽ നിന്ന് നിർദേശം തേടിയത്. കാസർകോട് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്നലെ നടന്ന രഹസ്യ ബാലറ്റ് സ്ഥാനാർത്ഥി നിർണയത്തിന് കേന്ദ്ര മന്ത്രി വി മുരളീധരൻ ആണ് നേതൃത്വം വഹിച്ചത്. പെരിയ കേന്ദ്രസർവകലാശാലയിൽ പന്ത്രണ്ടാം വാർഷിക ആഘോഷ ഉദ്ഘാടന പരിപാടിയിൽ സംബന്ധിക്കാനെത്തുന്ന വി.മുരളീധരന്റെ സമയം കണക്കിലെടുത്താണ് ഇന്നലെ തന്നെ സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാനുള്ള പരിപാടിയും സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച രഹസ്യ വോട്ടെടുപ്പ് വൈകുന്നേരം അഞ്ചുമണിക്കാണ് സമാപിച്ചത്. ഓരോ മണ്ഡലം കമ്മിറ്റിക്കും നിശ്ചിത സമയം അനുവദിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി സുരേഷ്, ജയചന്ദ്രൻ മാസ്റ്റർ, കാസർകോട് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് എന്നിവരും സംബന്ധിച്ചു. മഞ്ചേശ്വരത്ത് സുരേന്ദ്രൻ വേണം മഞ്ചേശ്വരം മണ്ഡലത്തിൽ ഭൂരിഭാഗവും നിർദ്ദേശിച്ചത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പേരായിരുന്നു. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തിന്റെ പേരാണ് രണ്ടാമത്. തൃക്കരിപ്പൂർ മണ്ഡലത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ഷിബിൻ, മണ്ഡലം പ്രസിഡന്റ് സുരേഷ്, ജനറൽ സെക്രട്ടറി എ .കെ. ചന്ദ്രൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം
കാസർകോട് ജില്ലയിലെ സ്ഥാനാർഥികളെ തെരെഞ്ഞെടുക്കാൻ കേന്ദ്രമന്ത്രി യുടെ സാന്നിധ്യത്തിൽ രഹസ്യ വോട്ടെടുപ്പ് നടത്തി ബിജെപി, മഞ്ചേശ്വരത്ത് കൂടുതൽ പേർ ആവശ്യപ്പെട്ടത് സുരേന്ദ്രനെ
mynews
0