കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് തീരുമാനിക്കുന്നതിനുള്ള സി.പി.എമ്മിന്റെ കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്നു നടക്കും. മുന്നണിയില്‍ സി.പി.എം മത്സരിച്ചുവരുന്ന തൃക്കരിപ്പൂര്‍, ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനാണ് കേന്ദ്രകമ്മറ്റി അംഗങ്ങളായ എം.വി. ഗോവിന്ദന്‍, പി. കരുണാകരന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് യോഗം ചേരുന്നത്. യോഗത്തിന് ശേഷം തയ്യാറാക്കുന്ന പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറും.
ഉദുമയില്‍ രണ്ടുതവണ ജയിച്ച കെ. കുഞ്ഞിരാമന് പകരം മുന്‍ എം.എല്‍.എ യും പാര്‍ട്ടി സംസ്ഥാന സമിതി അംഗവുമായ അഡ്വ. സി.എച്ച്.
കുഞ്ഞമ്ബുവിനെ മത്സരിപ്പിക്കുന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ എം.വി. ബാലകൃഷ്ണന്റെ പേരിനാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മുന്‍തൂക്കമുള്ളത്. അങ്ങനെ വന്നാല്‍ സിറ്റിംഗ് എം.എല്‍.എ എം. രാജഗോപാലന് രണ്ടാമത് അവസരം നഷ്ടമാകും. 2016 ലെ തിരഞ്ഞെടുപ്പിലും എം.വി. ബാലകൃഷ്ണന്റെ പേര് തൃക്കരിപ്പൂരില്‍ പരിഗണനയ്ക്ക് വന്നെങ്കിലും എം. രാജഗോപാലന്റെ പേരാണ് സംസ്ഥാന നേതൃത്വം അംഗീകരിച്ചത്. രാജഗോപാലന് ഒരു തവണ കൂടി അവസരം നല്‍കണമെന്ന വാദവും ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ എം.വി. ബാലകൃഷ്ണന്റെ പേര് ഉദുമയിലേക്ക് വരാനുള്ള സാദ്ധ്യതയും മുന്നിലുണ്ട്.
ശക്തമായ ത്രികോണ മത്സരം ഉറപ്പുള്ള മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.പി.പി മുസ്തഫ, കെ.ആര്‍. ജയാനന്ദ എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെടുന്നുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട പൊതുസമ്മതനെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. യു.ഡി.എഫ് വോട്ടില്‍ വലിയ ചോര്‍ച്ച ഉണ്ടാക്കാനും വിജയം ഉറപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍. യു.ഡി.എഫ് വോട്ട് ഭിന്നിച്ചാല്‍ ബി.ജെ.പിക്ക് ജയം നേടാനുള്ള സാദ്ധ്യതയും സി.പി.എം പരിശോധിക്കും.