കാസർകോട് ∙ ഗുണ്ടാവിളയാട്ടത്തിൽ സഹോദരങ്ങളായ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ നാലു പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിലെ പ്രതിയായ മധുർ കുഡ്‍ലുവിലെ ആസിഫ് പുളിക്കുർ (40)നെയാണ് കർണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു 3 പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയാണ് സഹോദരങ്ങളായ പൂച്ചക്കാട്ടെ ഇല്ല്യാസ് (28), താജുദ്ദീൻ (31) എന്നിവർക്കു കുത്തേറ്റത്. താജുദ്ദീനെ കാറിൽ പിന്തുടർന്ന് എത്തിയ സംഘം തളങ്കരയിൽ നിന്നു തായലങ്ങാടി എത്തിയപ്പോഴാണ് ആളുകൾ നോക്കിനിൽക്കെ കുത്തിയത്. സംഘത്തിൽ നിന്നു രക്ഷപ്പെടാനായി സഹോദരൻ ഇല്ല്യാസിന്റെ തായലങ്ങാടിയിലുള്ള ഇളനീർ ജ്യൂസ് കടയിലേക്ക് കയറിയപ്പോൾ പിന്തുടർന്ന് ആക്രമിച്ചു. ഇതു തടയുന്നതിനിടെയാണ് ഇല്ല്യാസിനും വെട്ടേറ്റതെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ ഇരുവരും മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
വാഹനത്തിലെത്തിയവർ ഇരുവരെയും ആക്രമിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്നവർ ബഹളം വയ്ക്കുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. പൊലീസെത്തി പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഒരാളെ മാത്രമാണു പിടികൂടാനായത്. അക്രമി സംഘത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞില്ലെന്നും ക്വട്ടേഷനാണെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.