15 വർഷമായി പിടികിട്ടാപുള്ളിയായ പ്രതിയെ പിടിക്കാൻ പൊലീസ് കാസർക്കോട്ടെത്തി,3 വർഷം മുൻപ് മരിച്ച് പോയെന്ന് വീട്ടുകാർ

 കാസർകോട് ∙ 15 വർഷം മുൻപു നടന്ന കളവു കേസിലെ പ്രതിയെ പിടിക്കാൻ രഹസ്യമായി പൊലീസെത്തിയപ്പോൾ അറിഞ്ഞത് 3 വർഷം മുൻപ് അയാൾ മരിച്ചെന്ന വിവരം. ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനകളുടെ ഭാഗമായാണു പൊലീസ് കുമ്പള പൊലീസ് സ്റ്റേഷനിൽ 2006ൽ റജിസ്റ്റർ‍ ചെയ്ത കളവു കേസിലെ പ്രതിയായ അബ്ദു ഷുക്കൂറിനെ തേടിയെത്തിയത്. തളങ്കരയിലാണ് താമസമെന്നു കണ്ടെത്തിതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ഇയാൾ 2018 ജൂലൈയിൽ മരിച്ചു എന്നു കണ്ടെത്തി. ഇതോടെ കോടതിയിൽ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒളിവിൽ കഴിയുന്നവരുടെ പട്ടികയിൽ നിന്ന് ഇയാളുടെ പേര് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ പുലർച്ചെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ കാസർകോട് പൊലീസിന്റെ പിടിയിലായത് 7 പിടികിട്ടാപ്പുള്ളികളും 6 വാറന്റ് പ്രതികളുമടക്കം 13 പേർ. കാസർകോട്  ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലാണു പുലർച്ചെ പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനാണ് റെയ്ഡു നടത്തിയത്. ഡിവൈഎസ്പിക്കൊപ്പം സിഐ കെ.വി.ബാബു, എസ്ഐ കെ.ഷാജു എന്നിവരുടെ നേതൃത്വത്തിൽ 14 സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്.പിടിയിലായ പ്രതികൾ


കുഡ്‌ലു റഹ്മത് നഗറിലെ അബ്ദുൽ റസാഖ്(22), എരിയാൽ കുളങ്ങരയിലെ അബ്ദുൽ അമീർ(47), എരിയാൽ ബള്ളീറിലെ അബ്ദുർ റഹ്മാൻ(28), മധൂർ കൈലാസപുരത്തെ എൻ.രതീഷ്, മജൽ തൈവളപ്പിലെ ചന്ദ്രഹാസറൈ(21), ചെങ്കള റഹ്മത് നഗറിലെ നൗഷാദ്(38), മൊഗ്രാൽ പുത്തൂർ കല്ലങ്കൈ മജലിലെ സതീശൻ(36), എരിയാൽ ബ്ലാർക്കോട്ട അഹ്മദ് കബീർ(33), മൊഗ്രാൽ പുത്തൂർ എടച്ചരിയിലെ അൻസാഫ്(26), മൊഗ്രാൽ പുത്തൂർ ബള്ളൂരിലെ മുഹമ്മദ് സമീർ(34), കുഡ്‌ലു ആർഡി നഗറിലെ ആനന്ദഷെട്ടി(36), മേൽപറമ്പ് കൈനോത്തെ അബ്ദുൽ ഷഫീഖ്, ചൂരിയിലെ സാജിദ്(31) എന്നിവരാണു പിടിയിലായത്.Previous Post Next Post
Kasaragod Today
Kasaragod Today