'കുറച്ച് കാര്യം കൂടി പറയാനുണ്ട്, എന്നെ പൊലീസ് കസ്റ്റഡിയിൽ വിടണം'; കോടതിയെ അമ്പരപ്പിച്ച് അധോലോക നേതാവ്

 മുംബൈ: തന്നെ പൊലീസ് കസ്റ്റഡിയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം അഭിഭാഷകനെയും കോടതിയെയും അമ്പരപ്പിച്ചിരിക്കുകയാണ് അധോലോക കുറ്റവാളി രവി പൂജാരി. പൊലീസ് കസ്റ്റഡി നീട്ടരുതെന്ന് രവി പൂജാരിയുടെ അഭിഭാഷകൻ വാദിക്കുന്നതിനിടെയാണ് പൂജാരി തന്നെ മുന്നോട്ട് വന്ന് പൊലീസിനൊപ്പം പോയ്ക്കോളാമെന്ന് കോടതിയെ അറിയിച്ചത്. തുടർന്ന് പൂജാരിയുടെ കസ്റ്റഡി മാർച്ച് 15 വരെ നീട്ടി.


ചൊവ്വാഴ്ചയാണ് രവി പൂജാരിയെ മുംബൈ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കിയത്. അന്വേഷണം ഏറെക്കുറെ പൂർത്തിയായെന്നും പ്രതിയെ ചോദ്യം ചെയ്യാൻ ഏതാനും ദിവസങ്ങൾ കൂടി വേണമെന്നും പൊലീസിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെ രവി പൂജാരിയുടെ അഭിഭാഷകൻ എതിർത്തു.


എന്നാൽ, അഭിഭാഷകൻ തനിക്കായി വാദിക്കുന്നതിനിടെ, താൻ പൊലീസ് കസ്റ്റഡിയിൽ പോയ്ക്കോളാമെന്നും പൊലീസിന്‍റെ ഭാഗത്ത് നിന്ന് മോശമായ യാതൊരു പെരുമാറ്റവും ഇല്ലെന്നും പൂജാരി ജഡ്ജിയെ അറിയിക്കുകയായിരുന്നു. അന്വേഷണ സംഘത്തോട് കുറച്ച് കാര്യങ്ങൾ കൂടി പങ്കുവെക്കാനുണ്ടെന്നും അധോലോക നായകൻ പറഞ്ഞു. തുടർന്നാണ് കസ്റ്റഡി നീട്ടിയത്.


2016ലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് പൂജാരിയെ പൊലീസ് ചോദ്യം ചെയ്യുന്നത്. നിരവധി കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ പൂജാരിക്കെതിരെ 52 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ഒരു വർഷമായി ബംഗളൂരുവിലെ ജയിലിലാണ് പൂജാരി.


കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലും പ്രതിയാണ് രവി പൂജാരി. ഈ കേസിൽ രണ്ടാഴ്ച മുമ്പ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today