ഉദുമയിലെ, പീഡനക്കേസ് പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കി.

 കാസർകോട് ∙ പീഡനക്കേസിലെ പ്രതികൾ മുൻകൂർ ജാമ്യം നേടിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ ജാമ്യാപേക്ഷ പുന:പരിശോധിച്ച അഡീഷനൽ സെഷൻസ് കോടതി അപേക്ഷ തള്ളി.ഉദുമ ബേവുരി സ്വദേശി എം.എ.മുഹമ്മദ് അഷ്റഫ് (32), ഉദുമ പടിഞ്ഞാർ സ്വദേശി പി.എം.അബ്ദുൽ റഹ്മാൻ (33), ഉദുമ കൊവ്വൽ കെ.വി.മുനീർ (35), ഉദുമ പടിഞ്ഞാർ മുഹമ്മദ് ആസിഫ് (34) എന്നിവർക്ക് കഴിഞ്ഞ ഡിസംബറിലാണ് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ബേക്കൽ പൊലീസ് ചാർജ് ചെയ്ത കേസിലെ പ്രതികൾക്കു മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അതിക്രമത്തിനിരയായ യുവതി നൽകിയ ഹർജിയിൽ ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കുകയും ജാമ്യാപേക്ഷ പുന:പരിശോധിക്കാൻ നിർദേശം നൽകുകയുമായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, പോക്സോ കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്ന അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടെ പുന:പരിശോധനയി‍ൽ ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ജ‍ഡ്ജി ടി.കെ.നിർമല മുൻകൂർ ജാമ്യം നൽകേണ്ടതില്ലെന്നു വിധിച്ചത്. 


കേസ് ആദ്യം അന്വേഷിച്ച ബേക്കൽ സിഐ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കേസ് ഡയറിയിൽ പെൺകുട്ടി പീഡനത്തിനിരയായ ദിവസങ്ങളിൽ പ്രതികൾ വിദേശത്തായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പീഡനത്തിനിരയായ തീയതികൾ പെൺകുട്ടി പറഞ്ഞിട്ടില്ലെന്നു കാഞ്ഞങ്ങാട് മജിസ്ട്രേട്ട് മുൻപാകെ ‍പെൺകുട്ടി നൽകിയ രഹസ്യ മൊഴി പരിശോധിച്ച ജഡ്ജി കണ്ടെത്തി. ഗുരുതരമായ കേസ് ആയതിനാൽ  പ്രതികൾക്കു ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്തി തെളിവുകൾ നശിപ്പിക്കാനും കേസ് ദുർബലമാകാനും ഇടയാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. പെൺകുട്ടിക്കു വേണ്ടി സുധീർ മേലത്ത്, പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.രാഘവൻ എന്നിവർ ഹാജരായി. ലോക്കൽ പൊലീസിനെ ഒഴിവാക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പീഡനവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി 23 പ്രതികളുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic