പാലക്കാട്: മെട്രോമാന്‍ ഇ ശ്രീധരനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇ ശ്രീധരന്‍ ഒരു സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറി. ബിജെപിയില്‍ ചേര്‍ന്നയാളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളൂവെന്നും വിജയരാഘവന്‍ ആരോപിച്ചു. 'അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇപ്പോഴുള്ള മൂല്യം ഒരു ബിജെപി നേതാവിന്റെ വാക്കുകള്‍ക്കുള്ളതാണ്. അതുകൊണ്ട് വസ്തുതകള്‍ക്ക് അനുയോജ്യമായാണ് സംസാരിക്കുന്നതെന്ന് നമ്മള്‍ കാണേണ്ടതില്ല,'
'കേരളത്തിലെ രണ്ടര ലക്ഷം ആളുകള്‍ക്കാണ് മികച്ച വീടുണ്ടാക്കികൊടുത്തത് ഇടതുപക്ഷ ജനാധിപത്യ മുന്നണി.
ആ വീടുകളൊക്കെ പാവപ്പെട്ടവന്റെ വീടുകളായതുകൊണ്ട് ശ്രീ ശ്രീധരന്റെ ശ്രദ്ധയില്‍ പെട്ടു കാണില്ല,' എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദ പ്രകടനത്തിലും വിജയരാഘവന്‍ പ്രതികരിച്ചു. പ്രസ്താവന വിവാദമാക്കണ്ടതില്ലെന്നും ശബരിമല വിഷയത്തില്‍ പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കില്ലെന്നും ഡല്‍ഹിയില്‍ ആം ആദ്മി അധികാരത്തിലെത്തിയതു പോലെ കേരളത്തില്‍ ബിജെപിക്ക് അധികാരത്തില്‍ എത്താനാവുമെന്നും ഇ ശ്രീധരന്‍ ഇന്ന് പറഞ്ഞിരുന്നു.
പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.