മുച്ചിലോട്ടമ്മയെ സാക്ഷിയാക്കി 28 യുവമിഥുനങ്ങൾക്ക് മാംഗല്യം

 കാസർകോട്: മുച്ചിലോട്ടമ്മയെ സാക്ഷിനിർത്തി 28 യുവമിഥുനങ്ങൾ പുതുജീവിതത്തിലേക്ക്. പെർദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ വാണിയ ഗാണിക സമാജം നടത്തിയ സമൂഹവിവാഹത്തിലാണ് 28 വധൂവരന്മാർ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചത്.ക്ഷേത്രത്തിലൊരുക്കിയ കതിർമണ്ഡപത്തിൽ വധൂവരന്മാർ ബന്ധുക്കൾക്കൊപ്പം അണിനിരന്ന് വരണമാല്യം കൈമാറി പുതുജീവിതത്തിലേക്ക് പ്രവേശിച്ചു.


ആശീർവദിക്കാനും അനുഗ്രഹിക്കാനുമെത്തിയ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും വിഭവസമൃദ്ധമായ സദ്യയുമൊരുക്കിയിരുന്നു.


വർഷത്തിൽ രണ്ടുതവണയാണ് വാണിയ ഗണിക സമാജം സമുദായാംഗങ്ങൾക്കായി വിവാഹവേദിയൊരുക്കുന്നത്. ഉദയാസ്തമന ഉത്സവത്തിലും പൂരോത്സവത്തിലും. പെർദണ മുച്ചിലോട്ട് ഭഗവതിക്ക് മുന്നിലാണ് താലികെട്ട്. കതിർമണ്ഡപവും കല്യാണച്ചെലവുകളും ക്ഷേത്രംവകയാണ്.ക്ഷേത്രത്തിലെ കാരണവന്മാർ, ആചാര്യന്മാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.


കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒരു വീട്ടിൽ നിന്നും 20 പേർക്ക് മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നത്. മാത്രമല്ല കർശനമായി സാമൂഹിക അകലവും മറ്റ് കോവിഡ് നിയന്ത്രണങ്ങളും പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്‌.


ചടങ്ങിനോടനുബന്ധിച്ച് ഋതുമതിയാകാത്ത കുട്ടികളുടെ പന്തൽ മംഗല്യവും നടത്തി. ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കുള്ള സമുദായാംഗങ്ങളാണ് പെർദണ മുച്ചിലോട്ട് ഭഗവതിക്ക്‌ മുന്നിൽ പുതുജീവിതം ആരംഭിക്കുന്നത്.കാസർകോട്, മംഗളൂരു, സുള്ള്യ, പുത്തൂർ, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യുവതീയുവാക്കളാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today