കാസർകോട്: ചെമ്മനാട് കോളിയടുക്കം കോണത്തുമൂലയിലെ വയലാംകുഴിയിൽ എം. സുധാകരന്റെയും ഇ. ലതയുടെയും മകൾ കോളിയടുക്കം ഗവ. യു.പി സ്കൂളിലെ എട്ടാം ക്ളാസുകാരി ആര്യയ്ക്ക് എല്ലാത്തിനോടും ദേഷ്യമാണിപ്പോൾ.ശ്രവണസഹായി കേടായതോടെ ഒരു ശബ്ദവും അവളുടെ കാതിലേക്ക് എത്താത്തതിന്റെ സങ്കടമാണ് കാരണം. ഒരു ലക്ഷത്തോളം രൂപയുണ്ടായാൽ മാത്രമെ എന്തെങ്കിലും ചെയ്യാനാകുവെന്നറിയാതെ കടയിൽ നിന്ന് വാങ്ങിനൽകിക്കൂടെയെന്ന് ദേഷ്യപ്പെടുമ്പോൾ അമ്മ ലതയുടെ നെഞ്ചു പൊടിയും. തന്റെ കുഞ്ഞിന്റെ ദൈന്യതയോർത്ത്.സ്കൂളിലും നാട്ടിലും മിടുക്കിയാണ് ആര്യ. ജന്മനാ കേൾവിക്കുറവുള്ള അവളുടെ ശ്രവണസഹായി വീണുടഞ്ഞതോടെ അവളുടെ ലോകത്ത് ഇപ്പോൾ ശബ്ദമേയില്ല. ഒന്നര വയസായ ഇവരുടെ രണ്ടാമത്തെ മകൻ ആദിഷിനും ആര്യയെ പോലെ ചെവി കേൾക്കില്ലെന്നതിനാൽ സങ്കടത്തുരുത്തിലാണ് സുധാകരന്റെയും ലതയുടേയും ജീവിതം. കൂലിപ്പണിയെടുത്തു വേണം മക്കളുടെ ചികിത്സയും ചിലവും നടത്താൻ. ഇരുവരുടേയും ചികിത്സയും ആശുപത്രിവാസവും ആയപ്പോൾ ദമ്പതികൾക്ക് കൂലിപ്പണിക്ക് പോലും പോകാനാകുന്നില്ല. 2008 ൽ തുടങ്ങിയിട്ടും പണിതീരാത്ത കൊച്ചുവീടിനുള്ളിൽ ശബ്ദം എത്തിനോക്കാത്ത വേദനയിലാണിവരെല്ലാം.ആറു വർഷം മുമ്പ് പലരുടെയും സഹായത്തിൽ അച്ഛനും അമ്മയും കഷ്ടപ്പെട്ട് വാങ്ങി നൽകിയ ശ്രവണ സഹായി ആര്യമോളുടെ ജീവിതത്തിൽ വലിയ സന്തോഷം എത്തിച്ചിരുന്നു. ഇന്ന് പുറംലോകത്തിന്റെ ശബ്ദം പെടുന്നനെ നിലച്ചതിന്റെ ദേഷ്യപ്പെടുന്ന ആര്യയെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് ഈ അച്ഛനും അമ്മയ്ക്കും അറിയുന്നില്ല.2014 നവംബറിൽ ഒന്നര വയസായപ്പോളാണ് ബദിയടുക്ക മാർതോമയിലും കോഴിക്കോട് ആശുപത്രിയിലും കൊണ്ടുപോയി ആര്യമോൾക്ക് ശസ്ത്രക്രിയ നടത്തി ശ്രവണ സഹായി ഘടിപ്പിച്ചത്. അന്ന് 65,000 രൂപയായിരുന്നു വില. ശസ്ത്രക്രിയ ഉൾപ്പെടെ 10 ലക്ഷം ചിലവായി. ഇന്ന് ശ്രവണ സഹായിയുടെ വില ഒരു ലക്ഷമാണ്. 5600 വിലയുള്ള കേബിളും 17000 രൂപയുള്ള ഹെഡ് പീസും ഇടയ്ക്കിടെ മാറ്റിയിട്ടു കൊണ്ടിരുന്നതിനാൽ ആറു വർഷമായി കേൾവി പ്രശ്നം ഇല്ലായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് കേൾവി യന്ത്രം വീണുടഞ്ഞത്. ശസ്ത്രക്രിയയും കേൾവി യന്ത്രവും ആദിഷിനും വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ചുരുങ്ങിയത് 10 ലക്ഷം രൂപയില്ലാതെ ഇതിന് കഴിയില്ല. രണ്ടു ലക്ഷം രൂപ ആശുപത്രിയിൽ കെട്ടിവെക്കണം. ജീവിക്കാൻ പോലും വകയില്ലാത്ത സമയത്ത് ഇത്രയും പണം എങ്ങിനെ കണ്ടെത്തുമെന്നറിയാതെ നട്ടംതിരിയുന്ന ഈ കുടുംബം കരുണയ്ക്കായി കാതോർത്തിരിക്കുകയാണിപ്പോൾ.
ഉടഞ്ഞ ശ്രവണ സഹായിയ്ക്ക് പകരമൊന്ന് വേണം കരുണയ്ക്ക് കാതോർത്ത് കോളിയടുക്കം വയലാകുഴിയിലെ ആര്യയും ആദിഷും
mynews
0