അപൂര്‍വമായ ബോണ്‍മാരോ ട്രാന്‍പ്ലാന്ർ ചികിത്സയിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിന്നും ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് അഫ്ഗാനിസ്ഥാന്‍ സ്വദേശി രണ്ടരവയസുകാരി കുല്‍സൂമിയുടെ കുടുംബം.രണ്ടര വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് വിജയകരമായി കേരളത്തിൽ ആദ്യമായാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നത്.
ജന്മനാ തന്നെ അതീവ ഗുരുതരമായ രക്താര്‍ബുദത്തിന്റെ (അക്യൂട്ട് മൈലോയിഡ് ലുകീമിയ) പിടിയിലായിരുന്ന കുല്‍സൂമിന് യു എ ഇ യില്‍ വെച്ച് കീമോതെറാപിയുടെ 4 സൈകിള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ രോഗ ശമനമില്ലാത്തതിനാലാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിനെ കുറിച്ച് കുടുംബം ചിന്തിച്ചത്.
പിന്നീട് കുട്ടികളുടെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ഏറ്റവും നല്ല റിസൾടോട് കൂടി നിര്‍വഹിക്കുന്ന സെന്ററിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിനെക്കുറിച്ചറിയുന്നത്.
കുല്‍സൂമിന്റെ കുടുംബം അഫ്ഗാന്‍ സ്വദേശികളാണെങ്കിലും മുത്തച്ഛന്‍ ബിസിനസിന് വേണ്ടി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് യുഎഇയിലെത്തിയവരാണ്. അഫ്ഗാന്‍ പാസ്‌പോര്‍ടുമായി വിദേശങ്ങളിലെത്താന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹം പാകിസ്ഥാന്‍ പാസ്‌പോര്‍ട് കരസ്ഥമാക്കിയാണ് യുഎഇയിലെത്തിയത്.
അവിടെ വെച്ച് ജനിച്ച കുല്‍സൂമിന്റെ പിതാവിനും പാകിസ്ഥാന്‍ പാസ്‌പോര്‍ട് തന്നെയാണ് ലഭിച്ചത്. ഈ പാസ്‌പോര്‍ടുമായി ഇന്ത്യയിലെത്തി ചികിത്സ തേടാന്‍ നിരവധി പ്രതിബന്ധങ്ങൾ അവർക്ക് നേരിടേണ്ടി വന്നിരുന്നു. ഒടുവില്‍ ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെയും, നോര്‍ത് കേരള സിഇഒ ഫര്‍ഹാന്‍ യാസിന്റെയും പരിശ്രമ ഫലത്തെ തുടർന്നാണ് അവർക്ക് ചികിത്സയുടെ ആവശ്യത്തിനായി കേരളത്തിലെത്തിച്ചേരാൻ സാധിച്ചത്.
ആസ്റ്ററിലെത്തിയ ശേഷം തുടക്കത്തില്‍ തീവ്രത കൂടിയ സാല്‍വേജ് കീമോതെറാപി നടത്തിയിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങളില്‍ കുറവ് വന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഹീമോപോയെറ്റിക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റിന് വിധേയയാക്കിയത്. കുട്ടിയുടെ പിതാവില്‍ നിന്നാണ് സ്റ്റെം സെല്‍ സ്വീകരിച്ചത്.
നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ ചികിത്സ തേടിയെത്തുന്നത് പതിവാണെങ്കിലും . ഇതുപോലെ സങ്കീര്‍ണമായ സാഹചര്യങ്ങളെ തരണം ചെയ്ത് കേരളത്തിലെത്തി ചികിത്സ തേടുവാന്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് കേരളത്തിന്റെ ആതുരസേവന രംഗം ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണെന്ന് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ഉത്തര കേരളത്തിലാദ്യമായാണ് പിതാവിന്റെ പാതി മാചിങ്ങ് ആയ സ്റ്റെം സെല്‍ ഉപയോഗിച്ച് ഹീമോപോയെറ്റിക് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് നടത്തുന്നത് എന്ന പ്രത്യേകതയും അദ്ദേഹം പറഞ്ഞു.
ട്രാന്‍സ്പ്ലാന്റിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ കണ്‍സല്‍ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന്‍ വ്യക്തമാക്കി.
കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന വാർത്തസമ്മേളനത്തില്‍ ഡോ. കേശവനുപുറമെ, കുട്ടിയുടെ പിതാവ് മുഹമ്മദ്, നോര്‍ത് കേരള ക്ലസ്റ്റര്‍ സി ഇ ഒ ആസ്റ്റര്‍ മിംസ് ഫര്‍ഹാന്‍ യാസിന്‍, ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ വി ഗംഗാധരന്‍, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. സുരേഷ് കുമാര്‍ ഇ കെ എന്നിവര്‍ പങ്കെടുത്തു.