കുമ്പള: ബി.ജെ.പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫിസിന് ഒരുകൂട്ടം പ്രവർത്തകർ താഴിട്ടു. കുമ്പള ടൗണിൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള ഓഫിസാണ് ബി.ജെ.പിയുടെയും യുവമോർച്ചയുടെയും പോഷക സംഘടനകളുടെയും പ്രവർത്തകർ ചേർന്ന് താഴിട്ടത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം പാർട്ടി പ്രാദേശിക നേതൃത്വം സി.പി.എമ്മുമായി കൈകോർത്ത് സ്ഥിരംസമിതി പദവികൾ പങ്കിട്ടെടുത്തതിൽ പ്രതിഷേധിച്ചാണ് നടപടി.
സി.പി.എം കൂട്ടുകെട്ടിനെതിരെ കുമ്പളയിൽ സി.പി.എമ്മിെൻറ കൊലക്കത്തിക്കിരയായ മൂന്ന് ബി.ജെ.പി, യുവമോർച്ച പ്രവർത്തകരുടെ കുടുംബാംഗങ്ങർ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നുവത്രെ.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നത് ദോഷം ചെയ്യുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാർട്ടി ഇടപ്പെട്ട് ഈ ബന്ധം അവസാനിപ്പിക്കുമെന്നും സംസ്ഥാന കമ്മിറ്റി ഈ കുടുംബങ്ങൾക്ക് ഉറപ്പുനൽകിയിരുന്നുവത്രെ. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടികളില്ലാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.
ബി.ടി. വിജയെൻറ ബലിദിനമായ ചൊവ്വാഴ്ച സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം സംഘടിച്ചെത്തിയ പ്രവർത്തകർ അടഞ്ഞുകിടക്കുകയായിരുന്ന പാർട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി ഓഫിസിന് മറ്റൊരു പൂട്ടുകൂടിയിട്ട് പൂട്ടുകയായിരുന്നു.