കാസർകോട്∙ നിയന്ത്രണങ്ങളില്ലാതെ മാലിന്യങ്ങൾ തള്ളുന്നതുമൂലം വലഞ്ഞ് ചന്ദ്രഗിരിപ്പുഴയോരവാസികൾ. വാഹനങ്ങളിലും മറ്റും എത്തി മാലിന്യങ്ങൾ ചന്ദ്രഗിരിപ്പാലം, തുരുത്തി പാലം എന്നിവിടങ്ങളിൽ നിന്നു പുഴയിലേക്ക് തള്ളുകയാണ് പതിവ്. അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ അടക്കം ഇങ്ങനെ തള്ളുകയാണ്. കല്യാണ വീടുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾക്കു പുറമേ പ്ലാസ്റ്റിക് കുപ്പികളും പ്ലേറ്റുകളും തള്ളുന്നുണ്ട്. രാത്രി 12 മണിക്കു ശേഷവും പുലർച്ചെയുമാണ് മാലിന്യം തള്ളൽ കൂടുതൽ. നീരൊഴുക്ക് കുറഞ്ഞതിനാൽ ചന്ദ്രഗിരിപ്പുഴയുടെ തുരുത്തി വടക്ക് ഭാഗത്തെ കൈവരിയിലും പുഴയിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിട്ടുണ്ട്. ദൂർഗന്ധം രൂക്ഷമാണ്. വെള്ളത്തിലാകെ എണ്ണമയം കലർന്നിരിക്കുന്നു.
ചന്ദ്രഗിരിപ്പുഴയുടെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ തള്ളുന്നുണ്ട്. തളങ്കര, പുലിക്കുന്ന്, ചന്ദ്രഗിരിപ്പാലം, തെക്കിൽപ്പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറെയുള്ളത്. വീടുകളിലെ ആഘോഷ പരിപാടികളുടെ മാലിന്യങ്ങൾ ശേഖരിക്കുന്ന സംഘങ്ങളുണ്ട്. ഇത്തരം സംഘങ്ങളാണ് വീടുകളിൽ നിന്നു മാലിന്യങ്ങൾ എടുത്ത് വാഹനങ്ങളിലെത്തിച്ച് പുഴയിലേക്ക് തള്ളുന്നത്.മാലിന്യങ്ങൾ ആർക്കും പ്രയാസമാകാതെ തരത്തിൽ സംസ്കരിക്കുമെന്ന ഉറപ്പിന്മേലാണ് വിവാഹ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ സംഘം ശേഖരിക്കുന്നത്. എന്നാൽ ആവശ്യമായ രീതിയിൽ സംസ്കരിക്കാതെ ചാക്കുകളിലാക്കി പുഴയിലേക്ക് തള്ളും. ചന്ദ്രഗിരിപ്പാലത്തിൽ രാത്രി ഒരു മണിക്ക് വരെ എങ്കിലും മീൻ പിടിക്കുന്നവർ ഉണ്ടാകുന്നതിനാൽ ഇതിനു ശേഷമാണ് സംഘം എത്തി തള്ളുന്നത്.
പലപ്പോഴും പുഴയിലേക്ക് തള്ളുന്ന മാലിന്യങ്ങൾ പകുതിയും പാലത്തിന്റെ നടപ്പാതയിലും കിടക്കുന്നു.തുരുത്തിയിലെ പുഴയോരങ്ങളിൽ താമസക്കാർ ഏറെയുണ്ട്. അതിനാൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി കാവലേർപ്പെടുത്തുകയോ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയോ ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
പുഴയെ വീണ്ടെടുക്കാൻ ക്യാംപെയ്ൻ നടത്തും
ചന്ദ്രഗിരിപ്പുഴയിൽ മാലിന്യം തള്ളുന്നതിനെതിരെ ‘മാലിന്യം മുക്തമായ പുഴയെ വീണ്ടെടുക്കാം’ എന്ന പേരിൽ ക്യാംപെയ്ൻ നടത്താൻ മുസ്‍ലിംലീഗ് തുരുത്തി ശാഖ കമ്മിറ്റി തീരുമാനിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും പുഴയെ സംരക്ഷിക്കാൻ നാടാകെ ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു.