മണിക്കൂറുകൾ നീണ്ട ദൗത്യത്തിന്​ വിരാമം; ഹെലികോപ്​ടർ ചതുപ്പിൽനിന്ന്​ ഉയർത്തി നെടുമ്പാശ്ശേരിയിലേക്ക്​ മാറ്റി

കൊച്ചി: വ്യവസായ എം.എ. യൂസുഫലിയും ഭാര്യയും യാത്ര ചെയ്​ത ഹെലികോപ്​ടർ പനങ്ങാ​ട്ടെ ചതുപ്പിൽനിന്ന്​ ഉയർത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്​ മാറ്റി. ഡൽഹിയിൽനിന്നെത്തിയ സാ​ങ്കേതിക വിദഗ്​ധരുടെ മേൽനോട്ടത്തിലായിരുന്നു ഹെലികോപ്​ടർ നീക്കിയത്​. ഏകദേശം നാല്​ മണിക്കൂർ നീണ്ട ദൗത്യം തിങ്കളാഴ്ച പുലർച്ചയാണ്​ അവസാനിച്ചത്​.


ആദ്യം ചതുപ്പ്​ മണൽച്ചാക്കുകൾ ഉപയോഗിച്ച്​​ ബലപ്പെടുത്തി. ഒപ്പം ഹെലികോപ്​ടറിന്‍റെ​ പങ്കകൾ അഴിച്ചുമാറ്റുകയും ചെയ്​തു. തുടർന്ന്​ വലിയ ക്രെയിൻ ഉപയോഗിച്ച്​ ഉയർത്തി ട്രെയിലർ ലോറിയിലേക്ക്​ മാറ്റുകയായിരുന്നു. സ്​ഥലത്ത്​ വൻ ആൾക്കൂട്ടമാണുണ്ടായിരുന്നത്​​. അതിനാലാണ്​ ഹെലികോപ്​ടർ നീക്കുന്ന ദൗത്യം രാത്രിയിലേക്ക്​ മാറ്റിയത്. പൊലീസ്​ സ്​ഥലത്ത്​ കനത്ത കാവൽ ഒരുക്കിയിരുന്നു.


പനങ്ങാട് പൊലീസ് സ്​റ്റേഷന് സമീപത്തെ ചതുപ്പിലാണ്​ ഹെലികോപ്ടർ ഞായറാഴ്ച രാവിലെ എട്ടരയോടെ ഇടിച്ചിറക്കിയത്​. ലേക്​ഷോർ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ യൂസുഫലി കടവന്ത്രയിലെ വീട്ടിൽനിന്നുള്ള ഹ്രസ്വയാത്രക്കിടെയാണ് അപകടം. ശക്തമായ കാറ്റും മഴയുമുള്ള സമയം പനങ്ങാട് ഫിഷറീസ് യൂനിേവഴ്സിറ്റി കാമ്പസിനോട് ചേർന്ന ചതുപ്പിലേക്ക് ഹെലികോപ്ടർ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


വാര്‍ത്തകേട്ട് നിരവധിയാളുകളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. കൗതുകത്തോടെ വീക്ഷിക്കാൻ എത്തിയവരായിരുന്നു ഭൂരിഭാഗവും. എന്നാല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ഹെലികോപ്ടറിലുണ്ടായിരുന്നവരെ നെട്ടൂര്‍ ലേക്​ഷോര്‍ ആശുപത്രിയിലേക്ക് മാറ്റിയതിനുശേഷം സ്ഥലത്തേക്ക് പൊലീസെത്തി പ്രവേശനം നിയന്ത്രിച്ചു. ഇതോടെ കാണാനും ഫോട്ടോയെടുക്കാനും എത്തിയവര്‍ നിരാശരായി. എങ്കിലും സമീപത്തെ വീടി​െൻറ ടെറസിലെത്തി ഫോട്ടോ എടുത്താണ് ആളുകള്‍ മടങ്ങിയത്.


അപകടം നടന്നത് ദേശീയപാതക്ക്​ സമീപമായതിനാല്‍ റോഡിനിരുവശത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആളുകള്‍ കാണാനിറങ്ങിയതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പൊലീസെത്തിയാണ്​ നിയന്ത്രിച്ചത്​. തൃപ്പൂണിത്തുറ എം.എല്‍.എ എം. സ്വരാജ്, കെ. ബാബു എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today