കോവിഡിനിടെ കോഴിവില കുത്തനെ കുറഞ്ഞു

 ബേക്കല്‍: അതി തീവ്ര കോവിഡ്‌ വ്യാപന ആശങ്കക്കിടെ ഇറച്ചിക്കോഴി വില കുത്തനെ കുറഞ്ഞു.

ഒരു കിലോയ്‌ക്ക്‌ 150 രൂപാവരെയുണ്ടായിരുന്ന കോഴി ഇറച്ചിക്ക്‌ ഇപ്പോള്‍ 90 രൂപ വരെ മാത്രമാണ്‌ വില. വിലകുറഞ്ഞതോടെ ഉപഭോഗവും അനുദിനം വന്‍തോതില്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ്‌ കോഴി ഇറച്ചിക്കു വിലയില്‍ വന്‍ തകര്‍ച്ച നേരിട്ടത്‌. വിഷു സീസണില്‍ 150 വരെ കിലോയ്‌ക്ക്‌ വിലയുണ്ടായിരുന്നു. വിഷു കഴിഞ്ഞതോടെ വില കുത്തനെ ഇടിഞ്ഞു. ഈദുല്‍ ഫിത്വര്‍ അടുക്കും തോറും വിലകൂടാനാണ്‌ സാധ്യതയെന്ന്‌ കോഴി വ്യാപാരികള്‍ സൂചിപ്പിച്ചു. കാഞ്ഞങ്ങാട്‌, പള്ളിക്കര, പാലക്കുന്ന്‌, പെരിയ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇന്നലെ ഒരു കിലോ ഇറച്ചി കോഴിക്കു പരമാവധി 95 രൂപാവരെയേ വിലയുണ്ടായിരുന്നുള്ളൂ. അതേസമയം 85 രൂപയ്‌ക്കു ലഭിച്ചിരുന്നതായി പള്ളിക്കരയിലെ ഒരു ഉപഭോക്താവ്‌ പറഞ്ഞു.വന്‍തോതില്‍ കോഴി സ്റ്റോക്ക്‌ വന്നതാണ്‌ വിലയിടിവിനു കാരണമായതെന്ന്‌ പള്ളിക്കര ചെര്‍ക്കപ്പാറയിലെ കോഴി വ്യാപാരി ബഷീര്‍ പറഞ്ഞു. വിഷുകാലത്ത്‌ വന്‍ വില വര്‍ദ്ധനവുണ്ടായതിനാല്‍ ഉപഭോഗം വന്‍തോതില്‍ കുറഞ്ഞിരുന്നതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ഇതേ അഭിപ്രായമാണ്‌ പെരിയയിലെ കോഴി വ്യാപാരി സിറാജും പ്രകടിപ്പിച്ചത്‌. പെരിയയില്‍ 95 രൂപയ്‌ക്കാണ്‌ വില്‍പ്പന നടത്തിയതെന്നും ഇയാള്‍ പറഞ്ഞു. നാടന്‍ ഫാമുകള്‍ക്ക്‌ പുറമെ കര്‍ണ്ണാടകയില്‍ നിന്നുമാണ്‌ വന്‍തോതില്‍ കോഴി ജില്ലയിലെത്തുന്നത്‌. വില കുറഞ്ഞതോടെ ഇറച്ചി കോഴിക്കു ആവശ്യക്കാര്‍ ഉയര്‍ന്നു. കിലോ കണക്കിനാണ്‌ വാങ്ങി ശേഖരിക്കുന്നത്‌. നല്ലയിനം മത്സ്യത്തിന്‌ കിലോയ്‌ക്ക്‌ 400 രൂപയും അതിനു മുകളിലും വില നല്‍കേണ്ടിവരുമ്പോള്‍ ചുരുങ്ങിയ വിലയ്‌ക്ക്‌ ലഭിക്കുന്നതിനാല്‍ കോഴി വാങ്ങാനാണ്‌ പലരും താല്‍പ്പര്യപ്പെടുന്നത്‌.

അതേസമയം പെരുന്നാള്‍ സീസണ്‍ ആകുമ്പോഴേക്കും വില വന്‍ തോതില്‍ കൂടിയേക്കുമെന്ന്‌ ചില വ്യാപാരികള്‍ സൂചിപ്പിച്ചു. നിലവിലുള്ള സ്റ്റോക്ക്‌ തീരുന്നതോടെ വില പതിയെ ഉയര്‍ന്നു തുടങ്ങുമെന്നും അവര്‍ പറയുന്നു.


أحدث أقدم
Kasaragod Today
Kasaragod Today