ഇഫ്താര്‍ സംഗമങ്ങള്‍ക്ക് ഹരിതചട്ടം പാലിക്കുക: ജില്ലാ കളക്ടര്‍

:2020 ജനുവരി 1 മുതൽ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉൽപ്പന്നങ്ങൾക്ക് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയതിനാൽ റംസാൻ നോമ്പുതുറ, ഇഫ്താർ സംഗമങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകളിലെ ഭക്ഷണ പാനീയ വിതരണം പ്രകൃതിക്കും മനുഷ്യനും ദോഷം ഉണ്ടാക്കാത്ത രീതിയിൽ കഴുകി ഉപയോഗിക്കുവാൻ കഴിയുന്ന ഗ്ലാസുകളിലും പാത്രങ്ങളിലും സജ്ജീകരിക്കാൻ ജില്ലാ കളക്ടർ ഡോ. സി. സജിത് ബാബു അഭ്യർഥിച്ചു. ഭക്ഷണ മാലിന്യം വേർതിരിച്ച് ശേഖരിച്ച് അതതിടങ്ങളിൽ തന്നെ വളക്കുഴി നിർമ്മിച്ച് നിക്ഷേപിച്ച് വളമാക്കി മാറ്റുക. നോമ്പുതുറ, ഇഫ്താർ വിരുന്ന് എന്നിവ സ്‌പോൺസർ ചെയ്യുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഡിസ്‌പോസിബിൾ വസ്തുക്കൾ ഒഴിവാക്കാൻ നിർദേശം നൽകാനും പ്രചരണ പരിപാടികൾക്ക് ഫ്‌ളക്‌സ് ഒഴിവാക്കി പ്രകൃതി സൗഹൃദ ബാനറുകൾ ശീലമാക്കാനും എല്ലാ വിശ്വാസികളോടും കളക്ടർ അഭ്യർത്ഥിച്ചു. ഇതിലൂടെ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുക.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാത്തരം ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങളും ഒഴിവാക്കി, കഴുകി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കുവാൻ കഴിയുന്ന സ്റ്റീൽ പാത്രങ്ങളിൽ ആഹാര പാനീയ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കാനും അഭ്യർഥിച്ചു. ഒറ്റത്തവണ പോലും അണുവിമുക്തമാക്കാതെ, നിരവധി ആളുകളാൽ കൈമാറി വരുന്ന ഡിസ്‌പോസിബിൾ ഉത്പന്നങ്ങൾ കൊറോണ വൈറസ് പ്രതിരോധത്തിന് ഗുണകരമല്ല. സോപ്പിട്ട് കഴുകി അണുവിമുക്തമാക്കിയ പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഏറെ സുരക്ഷിതം. ഹരിതചട്ടം പാലിക്കുന്നതിന് ആവശ്യമായ കൂടുതൽ വിവരങ്ങൾക്ക് കാസറഗോഡ് ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നം. (ഓഫീസ് - 04994 - 255350)


Previous Post Next Post
Kasaragod Today
Kasaragod Today