വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂമിന് സുരക്ഷയില്ല; അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാണിച്ച് അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്ഥാനാർഥി എം. ലിജുവിന്റെ കുത്തിയിരിപ്പ് സമരം. സെന്റ് ജോസഫ് സ്കൂളിലെ സ്ട്രോങ് റൂം കേന്ദ്രത്തിൽ ലിജു കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടിങ് യന്ത്രങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്ന രീതിയിലല്ല അമ്പലപ്പുഴയിലെ സ്ട്രോങ് റൂമിലെ സുരക്ഷയെന്നാണ് ലിജുവിന്റെ ആരോപണം.



സ്ട്രോങ് റൂമിന് സാധാരണ രീതിയിലുള്ള സുരക്ഷ ഒരുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകൻ അനുവദിക്കുന്നില്ലെന്നും ലിജു ആരോപിച്ചു. സ്ട്രോങ് റൂമിന്റെ വാതിലിന് പുറത്ത് പലക അടിച്ച് സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകൻ അനുവദിക്കുന്നില്ല. ജില്ലാ തിരഞ്ഞെടുപ്പ് അധികൃതരും കോൺഗ്രസിന്റെ ചീഫ് ഇലക്ഷൻ ഏജന്റും ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിരീക്ഷകൻ ഇതിന് തയ്യാറാകുന്നില്ലെന്നും ലിജു ആരോപിച്ചു.


ലിജുവിനെ അനുനയിപ്പിക്കുന്നതിനായി റിട്ടേണിങ് ഓഫീസർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ നാളെ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തെ റിട്ടേണിങ് ഓഫീസർ അറിയിച്ചത്. അതേസമയം പുതിയ സാഹചര്യത്തിൽ ഇന്നുതന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കുമെന്നാണ് വിവരം.


ലിജുവിന്റെ സമരത്തിന് പിന്നാലെ എൽ.ഡി.എഫും സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. അമ്പലപ്പുഴയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എച്ച്. സലാമിന്റെ ബൂത്ത് ഏജന്റും സ്ഥലത്തെത്തി കാര്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെ അകത്തേക്ക് കടത്തിവിട്ടില്ല.


Previous Post Next Post
Kasaragod Today
Kasaragod Today