കാസർകോട്ട്‌ വ്യാപാര സ്ഥാപനങ്ങൾക്ക്‌ നിയന്ത്രണം, പ്രവർത്തന സമയം രാത്രി ഒമ്പതുവരെ, കോവിഡ് ടെസ്റ്റ്/ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൂക്ഷിക്കണം, അകലംപാലിച്ച് സാധനങ്ങൾ വിതരണം ചെയ്യണം. മാസ്‌കും ഗ്ലൗസും ധരിക്കണം

 കാസർകോട്‌

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കി കാസർകോട്‌ നഗരസഭ. നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ്‌ തീരുമാനം. നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതുവരെയേ തുറന്ന് പ്രവർത്തിപ്പിക്കാവൂ. വ്യാപാരികളും ജീവനക്കാരും കോവിഡ് ടെസ്റ്റ്/ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൂക്ഷിക്കണം. കടകളിൽ നിശ്ചിത അകലംപാലിച്ച് സാധനങ്ങൾ വിതരണം ചെയ്യണം. വ്യാപാരികളും ജീവനക്കാരും മാസ്‌കും ഗ്ലൗസും ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ഇക്കാര്യങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ വകുപ്പ് പ്രകാരം ശിക്ഷാ നടപടികൾക്ക് വിധേയമാക്കാനും തീരുമാനമായി.

 

ബേഡഡുക്കയിൽ 25 ന് ക്ലീൻ ഡ്രൈവ്

ബേഡകം

ബേഡഡുക്ക പഞ്ചായത്തിൽ ഞായറാഴ്ച ക്ലീൻ ഡ്രൈവ്  സംഘടിപ്പിക്കും. കോവിഡ്  കേസുകൾക്കൊപ്പം ഡെങ്കിപ്പനിയും പടരുന്നതിനാലാണ്‌  ക്ലീൻ ഡ്രൈവ് എന്ന പേരിൽ ശുചീകരണം നടത്താൻ തീരുമാനിച്ചത്. പാതയോരം, വീടുകൾ, തോട്ടങ്ങൾ തുടങ്ങി ജനങ്ങളുടെ സഹകരണത്തോടെ എല്ലായിടവും ശുചീകരിക്കുകയാണ്‌ ലക്ഷ്യം. വ്യാപാരികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ,  പൊലീസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ്  തീരുമാനം. 

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയിലെ പങ്കാളിത്തം നിയന്ത്രിക്കും. വ്യാപാരികൾ 14 ദിവസം കഴിയുമ്പോൾ  കോവിഡ് ടെസ്റ്റ്‌ നടത്തണം.  മഴക്കാലപൂർവ ശുചീകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today