വാർത്ത തുണയായി, കോളിയടുക്കം സ്കൂളിലെ മൂന്നാം ക്‌ളാസുകാരി ആര്യക്കും സഹോദരന്‍ ആദിഷിനും കാരുണ്യ പ്രവാഹം

 കാസര്‍കോട്: ശ്രവണസഹായി നഷ്ടപ്പെട്ട് ശബ്ദങ്ങളൊന്നും കേള്‍ക്കാന്‍ കഴിയാതെ സങ്കടത്തിലായ ചെമ്മനാട് കോളിയടുക്കം സ്കൂളിലെ മൂന്നാം ക്‌ളാസുകാരി ആര്യയുടെയും സഹോദരന്‍ ആദിഷിന്റെയും വീട്ടിലേക്ക് കാരുണ്യ പ്രവാഹം. 90 ശതമാനം കേള്‍വി കുറവുള്ള മക്കളുടെ ദുരവസ്ഥയില്‍ നീറുന്ന കോണത്തുമൂല വയലവുംകുഴിയിലെ എം.സുധാകരനും ഇ.ലതയ്ക്കും പ്രതീക്ഷയേകും വിധമാണ് വിദേശത്ത് നിന്നുള്‍പ്പടെ സഹായാഭ്യര്‍ത്ഥന എത്തുന്നത്.


രണ്ടു കുഞ്ഞുങ്ങളുടേയും സങ്കടകഥ വിവരിക്കുന്ന ' വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കുട്ടികളുടെയും കുടുംബത്തിന്റെയും ദുരിതങ്ങള്‍ അകറ്റാന്‍ ഇടപെടുകയും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു, 


സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെ മന്ത്രി ഇതിനായി ചുമതലപ്പെടുത്തി. ഡോ. മുഹമ്മദ് അഷീല്‍, കാസര്‍കോട് ജില്ലാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കോ ഓഡിനേറ്റര്‍ ജിഷോ ജെയിംസിന് ഇത് സംബന്ധിച്ച്‌ അടിയന്തിര നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറുടെ വി കെയര്‍ പദ്ധതി പ്രകാരം ആര്യ മോള്‍ക്ക് ശ്രവണ സഹായി എത്തിക്കുന്നതിനും ഒന്നര വയസായ അനുജന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ .എന്‍. ടി വിഭാഗവുമായി ബന്ധപ്പെട്ടു ശ്രുതി തരംഗം പദ്ധതി പ്രകാരം കോക്ലിയാര്‍ ഇമ്ബ്ലാന്‍റ് ചെയ്യാനും നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കി. ഐ .സി .ഡി .എസ് മുഖേന ചെമ്മനാട് പഞ്ചായത്തില്‍ നിന്നും കേള്‍വി കുറവുള്ള കുട്ടികള്‍ക്ക് നീക്കിവെച്ച ഫണ്ട് നല്‍കുന്നതിനും ശ്രമം തുടരുകയാണ്.


വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം കുട്ടികളെ സഹായിക്കുന്നതിനുള്ള ഏര്‍പ്പാട് ചെയ്യാന്‍ രാവിലെ തന്നെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസിനെ ബന്ധപ്പെട്ടു നിര്‍ദ്ദേശം നല്‍കി. കോളിയടുക്കം ജി യു പി സ്കൂളിലെ പ്രധാനദ്ധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം നാലോളം അദ്ധ്യാപകര്‍ ഇന്നലെ രാവിലെ ആര്യയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ബേക്കല്‍ പാലസ് ഉടമ മല്ലിക ഗോപാലനും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളെ സഹായിക്കുന്നതിന് മറ്റ് നിരവധി പേരും രക്ഷിതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്ബര്‍ ചോദിച്ചും ഫോണ്‍ സന്ദേശം പ്രവഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും ഇവരെ സഹായിക്കാന്‍ നിരവധി പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today