ബന്തടുക്ക: കുറ്റിക്കോൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാസർകോട് താലൂക്ക് റബ്ബർ കർഷകക്ഷേമ സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.ഐ. പാനലിൽ മത്സരിച്ചവർക്ക് ജയം. സി.പി.എം. പാനലിനെയാണ് ഇവർ പരാജയപ്പെടുത്തിയത്.
11 അംഗ ഭരണസമിതിയിലേക്കാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 11 സി.പി.എം. സ്ഥാനാർഥികളും എട്ട് സി.പി.ഐ. സ്ഥാനാർഥികളുമാണ് മത്സരിച്ചത്. സി.പി.ഐ.യുടെ മുഴുവൻ സ്ഥാനാർഥികളും മൂന്ന് സി.പി.എം. സ്ഥാനാർഥികളും വിജയിച്ചു.
1109 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഇതിൽ 551 അംഗങ്ങൾ വോട്ട് ചെയ്തു.
സി.പി.ഐ. പാനലിന് നേതൃത്വം നൽകിയ പി. ഗോപാലൻ 316 വോട്ട് നേടി. ബേബി സി. നായർ (299 വോട്ട്), പി. ജയചന്ദ്രൻ (304), ഓസേഫ് വർക്കി (289), പി. സുധീഷ് (303), എം.എ. ഉമ്മർ (295), എം.ആർ. സരള (325), വി. ബാലൻ (310) എന്നിവരാണ് സി.പി.ഐ. പാനലിൽ വിജയിച്ച മറ്റുള്ളവർ. കെ. അരവിന്ദാക്ഷൻ (265), സതി രാജൻ (221), പി. ശൈലജ (210) എന്നിവരാണ് സി.പി.എം. പാനലിൽ വിജയിച്ചത്.സി.പി.എം. പാനലിന് നേതൃത്വം നൽകിയ ബേഡകം ഏരിയാ കമ്മിറ്റി അംഗം കെ.എൻ. രാജന് 180 വോട്ട് ലഭിച്ചെങ്കിലും പരാജയപ്പെട്ടു. മണികണ്ഠൻ (194 വോട്ട്), എൻ.എ. മുഹമ്മദ് കുഞ്ഞി (189), ടി. രാജു (184), പി.എസ്. റെജി (197), സിനോബി തോമസ് (179), സി. സോമവല്ലി (208), എം. രാജൻ പണിക്കർ (204) എന്നിവരാണ് സി.പി.എം. പാനലിൽ പരാജയപ്പെട്ട മറ്റുള്ളവർ.
സി.പി.എം. നീക്കം ഫലം കണ്ടില്ല
സംഘത്തിന്റെ ഭരണത്തിന് നേതൃത്വം നൽകാൻ പി. ഗോപാലനിൽനിന്ന് പ്രസിഡൻറ് സ്ഥാനം പിടിച്ചെടുക്കുന്നതിന് സി.പി.എം. നടത്തിയ നീക്കങ്ങൾ ഫലം കണ്ടില്ല. മുൻപ് സി.പി.എം. നേതാവും നിലവിൽ സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗവുമാണ് പി.ഗോപാലൻ. സി.പി.എമ്മിലായിരുന്നപ്പോൾ പി. ഗോപാലന്റെ നേതൃത്വത്തിലാണ് സംഘം രൂപവത്കരിച്ചത്.പിന്നീട് ഇദ്ദേഹം സി.പി.ഐ.യിൽ ചേർന്നപ്പോൾ അന്നത്തെ ഭരണസമിതിയിലെ മൂന്നുപേരും സി.പി.ഐ.യിലേക്ക് മാറിയിരുന്നു.
2016-ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ മാധവനായിരുന്നു വൈസ് പ്രസിഡൻറ്.
ഇത്തവണ അഞ്ച് സീറ്റ് നൽകണമെന്ന സി.പി.ഐ. ആവശ്യത്തിൻമേൽ രണ്ട് സീറ്റ് മാത്രമെ നൽകാനാകൂ എന്നതായിരുന്നു സി.പി.എം. നിലപാട്. എട്ട് സി.പി.ഐ., രണ്ട് സി.പി.എം. സ്ഥാനാർഥികൾ അടങ്ങിയ പാനലായിരുന്നു ആദ്യം തയ്യാറാക്കിയതെങ്കിലും സി.പി.എം. സ്ഥാനാർഥികൾ അവസാനനിമിഷം പിൻവലിഞ്ഞു. അതേസമയം സി.പി.എം. 11 പേരുടെ നാമനിർദേശപത്രികകളും സമർപ്പിക്കുകയായിരുന്നു.നിയമസഭ തിരെഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുന്നണിയിലെ ഇരുപാർട്ടികളും തമ്മിൽ മത്സരിക്കുന്നത് മലയോരത്ത് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ ഏപ്രിൽ നാലിന് നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
ഒട്ടേറെപേർ വ്യാജ കാർഡുണ്ടാക്കി വോട്ട് ചെയ്യാനെത്തിയെന്ന തർക്കത്തെതുടർന്ന് അല്പനേരം തിരഞ്ഞെടുപ്പ് നിർത്തിവെച്ചു.
ഫലപ്രഖ്യാപനത്തിനുശേഷം സംഘം ഓഫീസിൽ നടന്ന അനുമോദന യോഗത്തിൽ സി.പി.ഐ. ജില്ലാ നേതാക്കളായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി. കൃഷ്ണൻ, വി. രാജൻ, കെ. കുഞ്ഞിരാമൻ എന്നിവർ സംബന്ധിച്ചു.