ഡൽഹി ലാൽ മസ്​ജിദ്​ പൊളിച്ചുനീക്കാൻ കേന്ദ്രസേനയുടെ നീക്കം

 ഡൽഹി ലോധി റോഡിലെ ലാൽ മസ്​ജിദ്​ പൊളിച്ചുനീക്കാൻ കേന്ദ്രസേനയുടെ നീക്കം. ഇതിന്‍റെ ഭാഗമായി പള്ളി കാലിയാക്കാൻ ഇമാമിനോട്​ പൊലീസ്​ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യലബ്​ധിക്ക്​ മു​ൻപേ മുസ്​ലിംകൾ ആരാധന നടത്തിവരുന്ന മസ്​ജിദ്​ പൊളിച്ച്​ വഖഫ്​ ഭൂമി കൈയേറി അർധസൈനിക വിഭാഗത്തിന്​ ഓഫിസുകളും ബാരക്കുകളും പണിയാനാണ്​ ശ്രമം. ഇതനുവദിക്കില്ലെന്ന്​ ഡൽഹി വഖഫ്​ ബോർഡ് വ്യക്​തമാക്കി.


നിസാമുദ്ദീൻ, ലോധി റോഡ്​ പൊലീസ്​ സ്​റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ നേരിട്ട്​ വന്നാണ്​ ലാൽമസ്​ജിദ്​ ഇമാമിനോട്​ പള്ളി കാലിയാക്കാൻ ​ആവശ്യപ്പെട്ടത്​. വിവരമറിഞ്ഞ്​ ലാൽ മസ്​ജിദിലെത്തിയ ഡൽഹി വഖഫ്​ ബോർഡ്​ ചെയർമാൻ അമാനത്തുല്ലാ ഖാൻ, പൊലീസ്​ നീക്കം അനുവദിക്കില്ലെന്നും സി.ആർ.പി.എഫ്​ നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും അറിയിച്ചു.


ഇതിന്​ മുമ്പും ലാൽ മസ്​ജിദ്​ തകർക്കാർ സി.ആർ.പി.എഫ്​ ശ്രമം നടത്തിയതാണെന്ന്​ അമാനത്തുല്ലാ ഖാൻ പറഞ്ഞു. വഖഫ്​ ട്രൈബ്യൂണലിൽ കേസ്​ നടന്നുകൊണ്ടിരിക്കുന്ന പഴയ പള്ളി പൊളിച്ചുനീക്കാൻ എങ്ങനെ സാധിക്കുമെന്ന്​ അദ്ദേഹം ചോദിച്ചു. ഡൽഹിയിലെ പള്ളികൾ തകർക്കാനും ഖബർസ്​ഥാനുകൾ കൈയ്യേറാനുമുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന്​ ലഫ്​റ്റനൻറ്​ ഗവർണറോടും ഖാൻ ആവശ്യപ്പെട്ടു.


ആഭ്യന്തര മന്ത്രാലയത്തിന്​ കീഴിലുള്ള സി.ജി.ഒ കോംപ്ലക്​സിനോട്​ ചേർന്ന്​ കിടക്കുന്ന 2.33 ഏക്കർ വഖഫ്​ ഭൂമി സി.ആർ.പി.എഫിന് ​കൈമാറാൻ 2017 ഫെബ്രുവരി 25ന്​​ കേന്ദ്ര - നഗര വികസന മന്ത്രാലയത്തിന്​ കീഴിലുള്ള ഭൂവികസന കമീഷണർ ഉത്തരവ്​ ഇറക്കിയിരുന്നു. തുടർന്ന്​, കേന്ദ്ര റിസർവ്​ പൊലീസിന്​ ഓഫിസുകളും ബാരക്കുകളും കാൻറീനും പാർക്കിങ്​ സ്​ഥലവുമൊരുക്കാനായി സ്​ഥലം 49 ലക്ഷം രൂപക്ക്​ കേന്ദ്ര സർക്കാർ മാർച്ച്​ 22ന്​ കച്ചവടം നടത്തുകയും ചെയ്​തു.


വഖഫ്​ ഭൂമി കൈയേറുന്നതിനെതി​രായി കേന്ദ്ര സർക്കാറിനെതിരെ 2011ൽ ഹബീബുർറഹ്​മാൻ നൽകിയ കേസ്​ കോടതി പരിഗണനയിലിരിക്കെയായിരുന്നു​ നിയമവിരുദ്ധമായ ഈ കച്ചവടം. വിചിത്രമെന്ന്​ പറയ​ട്ടെ, കോടതിയിലിരിക്കുന്ന കേസ്​ ഭാവിയിൽ സി.ആർ.പി.എഫ്​ നടത്താമെന്ന്​ കേസിലെ കക്ഷിയെയും കോടതിയെയും അറിയിക്കാതെ കേന്ദ്രം ധാരണയും ഉണ്ടാക്കി.


ലാൽ മസ്​ജിദും ഖബർസ്​ഥാനും 1970ലെ ഡൽഹി ഗസറ്റ്​ വിജഞാപനത്തിൽ വഖഫ്​ ഭൂമിയായി വ്യക്​തമാക്കിയതാണ്​. ഈ ഭൂമിയാണ്​ കൈയേറി വിൽപന നടത്തിയത്​. ഇതിനെതിരെ ഡൽഹി വഖഫ്​ ബോർഡ്​ 2017 ജൂലൈ 29ന് നിസാമുദ്ദീൻ പൊലീസ്​ സ്​റ്റേഷൻ എച്ച്.എസ്​.ഒക്ക്​ പരാതി നൽകിയിരുന്നു. വഖഫ്​ ഭൂമി കുടിയൊഴിപ്പിക്കാനുള്ള നീക്കം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​ ഈ പരാതിയുടെ പകർപ്പ്​​ ഡിഫൻസ്​ കോളനി സബ്​ ഡിവിഷണൽ മജിസ്​​ട്രേറ്റിനും ​അയച്ചിരുന്നു. തുടർന്ന്​ നിർത്തിവെച്ച ഒഴിപ്പിക്കലിനാണ്​ കേന്ദ്ര സേന വീണ്ടും സമ്മർദ്ദം തുടങ്ങിയിരിക്കുന്നത്​.


Previous Post Next Post
Kasaragod Today
Kasaragod Today