കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായ നഗരത്തിൽ സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്നവർക്കെതിരായ പൊലീസ് നടപടി ശക്തമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവരെ ബോധവത്കരിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്തിരുന്നതെങ്കിൽ കേസെടുത്തും പിഴ ചുമത്തിയുമാണ് നടപടി കർശനമാക്കിയത്.
മാസ്ക് ധരിക്കാത്തവർ, സാമൂഹിക അകലം പാലിക്കാത്തവർ, ജില്ല ഭരണകൂടം ഉൾപ്പെടെ പുറത്തിറക്കിയ മറ്റുനിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർ എന്നിവർക്കെതിരായി ദിവസേന ആയിരത്തിലധികം കേസുകളാണ് രജിസ്റ്റർ െചയ്യുന്നത്. നിയന്ത്രണം കാറ്റിൽപറത്തി വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ആളുകള്‍ കൂട്ടം കൂടുന്നതുള്‍പ്പെടെ കണ്ടെത്താന്‍ ഡ്രോണ്കാറമ ഉപയോഗിച്ചുള്ള നിരീക്ഷണവും തുടങ്ങി.വെള്ളിയാഴ്ച സരോവരം, കടപ്പുറം, നടക്കാവ്, മാവൂർറോഡ് ഉൾപ്പെടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഡ്രോൺ പറത്തി ആകാശദൃശ്യങ്ങൾ ശേഖരിച്ചു.
കൂടുതൽ നിയന്ത്രണമുള്ള ശനി, ഞായർ ദിവസങ്ങളിൽ സിറ്റിയിലെ മുഴുവൻ പൊലീസ് സ്റ്റേഷൻ പരിധിയിലും ഡ്രോൺ കാമറ നിരീക്ഷണമുണ്ടാകും. രണ്ട് ഡ്രോണ്‍ കാമറകളാണ് സിറ്റി പൊലീസ് ഇതിനായി ഉപയോഗിക്കുന്നത്. ഒഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ഒത്തുകൂടൽ ഉൾപ്പെടെ തടയുകയാണ് ലക്ഷ്യം. തുറമുഖങ്ങൾ, മാർക്കറ്റുകൾ, പൊതു സ്ഥലങ്ങൾ, മൈതാനങ്ങൾ എന്നിവിടങ്ങളിലും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും.
അനാവശ്യമായി വാഹനമെടുത്തുകറങ്ങുന്നവരുെട വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളും പൊലീസ് പരിഗണനയിലാണ്. ഒരോ പൊലീസ് സ്റ്റേഷനുകളും നാലുസംഘങ്ങളായി തിരിഞ്ഞാണ് പട്രോളിങ് നടത്തുന്നത്. സ്റ്റേഷനിലെ രണ്ടുവാഹനങ്ങളിലും സ്വകാര്യ വാഹനം വാടകക്കെടുത്തും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ വാഹനത്തിലുമാണ് പട്രോളിങ് നടത്തുന്നത്.