തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ ജില്ലയില്‍ അതീവ ജാഗ്രത

 കാസര്‍കോട്‌: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ ജില്ലയില്‍ അതീവ ജാഗ്രത. അടുത്ത 48 മണിക്കൂറില്‍ ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ശന സുരക്ഷ ഉറപ്പു വരുത്താന്‍ ജില്ലാ കളക്ടര്‍, തെരഞ്ഞെടുപ്പ്‌ ചെലവ്‌ നിരീക്ഷകരായ സതീഷ്‌ കുമാര്‍, സന്‍ജോയ്‌ പോള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശിച്ചു. സ്റ്റാറ്റിക്‌ സര്‍വൈലന്‍സ്‌ ടീം, ഫ്‌ളൈയിങ്‌ സ്‌ക്വാഡ്‌ എന്നിവയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‌്‌ വാഹനങ്ങളില്‍ കൂട്ടത്തോടെ വോട്ടര്‍മാരെ എത്തിക്കുന്നത്‌ തടയും.അനധികൃതമായി പണം, മദ്യം, ആയുധം, മയക്കുമരുന്ന്‌ തുടങ്ങിയവയുടെ കടത്ത്‌ തടയാന്‍ അതിര്‍ത്തി ചെക്‌ പോസ്റ്റുകളില്‍ സ്റ്റാറ്റിക്‌ സര്‍വൈലന്‍സ്‌ ടീം മുഴുവന്‍ സമയവും ജാഗ്രത പാലിക്കും. ഇതിനായി ഫ്‌ളൈയിങ്‌ സ്‌ക്വാഡുകളേയും വിന്യസിച്ചിട്ടുണ്ട്‌. ആളുകള്‍ കൂട്ടമായി താമസിക്കുന്ന കോളനികളില്‍ ഉള്‍പ്പെടെ മദ്യം, പണം എന്നിവ വിതരണം ചെയ്‌ത്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കുന്ന നീക്കങ്ങള്‍ കര്‍ശനമായി തടയുന്നതിന്‌ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തും. സംശയകരമായ സാഹചര്യത്തില്‍ പ്രലോഭനങ്ങളുമായി കോളനികളില്‍ എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ കൈമാറാനും നടപടി സ്വീകരിക്കും. പൊലീസ്‌, എക്‌സൈസ്‌, വനം, മോട്ടോര്‍ വെഹിക്കിള്‍, വനം വകുപ്പ്‌ തുടങ്ങിയ യൂണിഫോം വിഭാഗങ്ങളെയും അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയ്‌ക്കായി നിയോഗിച്ചു. സുതാര്യവും നിര്‍ഭയവും സ്വതന്ത്ര വുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പ്‌ വരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്‌ കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ എക്‌സ്‌പന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കെ. സതീശന്‍, വരണാധികാരികള്‍, അസിസ്റ്റന്റ്‌ എക്‌സപന്റിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, എ.ഡി.എം. അതുല്‍ സ്വാമിനാഥ്‌ എന്നിവര്‍ പങ്കെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today