കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം

 കാസർകോട്‌

അശ്വിനി നഗറിലെ കിംസ്‌ സൺറൈസ്‌ ആശുപത്രിയിൽ എയർകണ്ടീഷൻ ചെയ്‌ത കംപ്യൂട്ടർ മുറിയിൽ തീപിടിത്തം. എയർകണ്ടീഷനിലെ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് അഗ്നിരക്ഷാ സേന. 

സമീപ മുറികളിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ചികിത്സ തേടിയെത്തിയവരെയും കാസർകോട്‌ അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റി. വ്യാഴാഴ്‌ച പകൽ ഒന്നരയോടെയായിരുന്നു സംഭവം. തീപിടിത്തമുണ്ടായതോടെ പ്രദേശമാകെ പുകപടലം വ്യാപിച്ചു. ഇത്‌ രോഗികളെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. പലരും ഭീതിയോടെ പരക്കംപാഞ്ഞു. സമീപത്തുതന്നെ അഗ്നിരക്ഷാ സേനയുടെ ഓഫീസ്‌ പ്രവർത്തിക്കുന്നതിനാൽ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്താനായി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ്‌ തീപിടിത്തത്തിന്  ഇടയാക്കിയത്. ആശുപത്രി കെട്ടിടത്തിന്‌ മുകളിൽ സ്ഥാപിച്ച ടാങ്കിൽ വെള്ളം പോലുമുണ്ടായില്ല. കെട്ടിടത്തിലെ ഇലക്ട്രിക്കൽ വയറിങ്‌ ഭാഗികമായി കത്തിനശിച്ചു. തകരാർ എവിടെല്ലാമെന്ന്‌ കണ്ടുപിടിക്കാനായി ആശുപത്രിയിൽ ഇലക്ട്രീഷ്യനുമുണ്ടായില്ല. ഇതിനായി രണ്ട്‌ ജീവനക്കാരുണ്ടെന്നും ഇരുവരും അവധിയിലാണെന്നുമാണ്‌ ആശുപത്രി അധികൃതരുടെ വിശദീകരണം. 

അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ്‌ ഒഴിവായത്‌. രണ്ടാഴ്‌ച മുമ്പ്‌ ആശുപത്രിയിൽ പരിശോധന നടത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ ഉപകരണം സ്ഥാപിച്ച്‌ ഉപയോഗസജ്ജമാണെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഒരാഴ്‌ചക്കുള്ളിൽ പരിഹാരമുണ്ടാക്കുമെന്ന്‌ ഉറപ്പുനൽകിയ ആശുപത്രി അധികൃതർ ഇത് പാലിച്ചില്ല.  ഇത്തരം കെട്ടിടങ്ങൾക്ക്‌ എൻഒസിയും ലൈസൻസും നൽകരുതെന്ന അഗ്നിരക്ഷാ സേനയുടെ നിർദേശം നഗരസഭ ഉദ്യോഗസ്ഥർ അവഗണിക്കുന്നതും പതിവാണ്‌.


Previous Post Next Post
Kasaragod Today
Kasaragod Today