തിരഞ്ഞെടുപ്പ് ജോലിക്ക്‌ പോകവേ കിട്ടിയ സ്വർണം ഉടമസ്ഥയ്ക്ക് നൽകി

 കുണ്ടംകുഴി: തിരഞ്ഞെടുപ്പ്‌ ജോലിക്ക് പോകവേ വഴിയിൽനിന്ന് കിട്ടിയ സ്വർണം യുവാവ് ഉടമസ്ഥയുടെ ബന്ധുവിനെ ഏൽപിച്ചു. കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തിന് സമീപത്തെ മേലത്ത് വിഷ്ണുവിനാണ് കൈച്ചെയിൻ കളഞ്ഞുകിട്ടിയത്. പയ്യന്നൂർ കോളേജിലെ ബി.എസ്‌സി. മാത്തമാറ്റിക്സ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ചിറ്റാരിക്കാൽ കുന്നുംകൈ പാലക്കുന്നിലെ എസ്.കെ. അഞ്ജനയുടെ ഒരുപവന്റെ ആഭരണമാണ് തിരികെ ലഭിച്ചത്.അമ്മയുടെ സഹോദരി കുണ്ടംകുഴി പെർളത്തെ സ്മിത ഗോപിയുടെ വീട്ടിലെത്തിയ അഞ്ജന ഞായറാഴ്ച വൈകിട്ട് ആറോടെ വീട്ടുകാരോടൊപ്പം കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലേക്ക് നടന്നുപോകവെയാണ് ചെയിൻ നഷ്ടമായത്.


തിങ്കളാഴ്ച രാവിലെ തിരഞ്ഞെടുപ്പ് ജോലിക്ക് പോകവെയാണ് വിഷ്ണുവിന് ഇത് ലഭിക്കുന്നത്. സ്വർണമാണെന്ന് ഉറപ്പില്ലാത്തതിനാലും ജോലിക്ക് കൃത്യസമയത്ത് ഹാജരാകേണ്ടതിനാലും ഉടൻ പോലീസ് സ്റ്റേഷനിലെത്തി ഏൽപ്പിക്കാനായില്ല.


സ്പെഷ്യൽ പോലീസായി കല്ലളി ഗവ. എൽ.പി. സ്കൂളിലായിരുന്നു വിഷ്ണുവിന് ജോലി. അന്ന് വൈകീട്ട് വിഷ്ണുവിന് ഭക്ഷണവുമായി സ്കൂളിലെത്തിയ അച്ഛൻ തമ്പാന്റെ കൈയിൽ ചെയിൽ കൊടുത്തുവിട്ടു. സ്വർണമാണോയെന്ന് പരിശോധിക്കുന്നതിനും പോലീസിൽ ഏൽപിക്കുന്നതിനും ഏർപ്പാട് ചെയ്യാനുമായിരുന്നു കൊടുത്തുവിട്ടത്. അപ്പോഴേക്കും കുണ്ടംകുഴി സഹൃദയ ഗ്രന്ഥാലയം പ്രവർത്തകർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിൽ ചെയിൻ നഷ്ടപ്പെട്ട വിവരം പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്നീട് വിഷ്ണു കണ്ടു. ഉടൻ അച്ഛനെയും ഗ്രന്ഥാലയം പ്രവർത്തകൻ കെ. വിനോദിനെയും വിളിച്ച് വിവരം പറഞ്ഞു.ജോലി കഴിഞ്ഞ് തിരിച്ചെത്തി ബുധനാഴ്ച വൈകീട്ട് സഹൃദയ ഗ്രന്ഥാലയത്തിൽവെച്ച് പ്രവർത്തകരുടെ സാന്നിധ്യത്തിൽ വിഷ്ണു സ്വർണം സ്മിത ഗോപിയെ ഏൽപിച്ചു.


കേന്ദ്ര പോലീസ് സേനയിൽ എസ്.എസ്.ബി.യിലേക്ക് നിയമനം ലഭിച്ച വിഷ്ണു 20-ന് ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic