അനിമേഷൻ റിഗ്ഗിങ്ങിൽ ചുവടുറപ്പിച്ച് കാസർകോട്ടുകാരി

 കാസർകോട്‌

കാർട്ടൂൺ കഥാപാത്രങ്ങളുടെയും പശ്ചാത്തലങ്ങളുടെയും ത്രീഡി മോഡലുകൾ ഒരുക്കുന്ന അനിമേഷൻ റിഗ്ഗിങ്ങിൽ മികവ്‌ തെളിയിച്ച്‌  എം കീർത്തി കിണി. മംഗളൂരു സർവകലാശാലയിൽനിന്നും ബിഎസ്‌സി ഇൻ അനിമേഷൻ ആൻഡ്‌ വിഷ്വൽസിൽ ഒന്നാംറാങ്ക്‌ നേടിയിരിക്കുകയാണ്‌ കീർത്തി.  കാസർകോട്‌ ബട്ടംപാറയിലെ ഗായത്രി കിണിയുടെയും ഗണേശ്‌ കിണിയുടെയും മകളാണ്‌ ഈ  ഇരുപത്തിരണ്ടുകാരി. 

കാർട്ടൂൺ കഥകളിൽ ഓരോ സീനും എന്ത്‌ സംഭവിക്കുന്നുവെന്ന്‌ ചിത്രസഹിതം വിവരിക്കണം. കഥാപാത്രങ്ങൾക്ക്‌ ഭാവം വരച്ചുചേർത്ത്‌ കൃത്യതയോടെ ചലിപ്പിക്കുകയാണ്‌ അതിപ്രധാനം. കോളേജിൽ അനിമേഷന്റെ ബാലപാഠങ്ങൾ മാത്രമാണ്‌ നൽകുന്നത്‌. ചെറുപ്പത്തിലേ ചിത്രരചനയിലും കംപ്യൂട്ടർ ഗ്രാഫിക്‌സിലും താൽപര്യം പ്രകടിപ്പിച്ചിരുന്ന കീർത്തി സ്വന്തം ഇഷ്ടപ്രകാരമാണ്‌ തലപ്പാടി ശാരദ കോളേജിൽ അനിമേഷൻ കോഴ്‌സിന്‌ ചേർന്നത്‌. കോവിഡ്‌ രോഗവ്യാപനത്തെ തുടർന്ന്‌ ലോക്‌ഡൗണായപ്പോൾ വീട്ടിലിരുന്നു  യൂട്യൂബിൽനിന്നുമാണ്‌ അനിമേഷൻ റിഗ്ഗിങ്ങിന്റെ സാധ്യത മനസിലാക്കിയത്‌. തുടർന്ന്‌ സദാസമയവും പരിശീലനം. ഇതിന്റെ പ്രതിഫലമാണ്‌ ഒന്നാംറാങ്കെന്ന്‌ കീർത്തി പറയുന്നു.  

സ്വിറ്റ്‌സർലൻഡിലെ സ്വകാര്യ കമ്പനി  നടത്തിയ ഫോട്ടോഗ്രാഫി ചിത്രരചന മത്സരത്തിൽ കീർത്തി ആദ്യ 20ൽ ഇടംപിടിച്ചു. ഇരുന്നൂറിലേറെ കഥാപാത്രങ്ങൾക്ക്‌ അനിമേഷൻ തയ്യാറാക്കിയ കീർത്തി മംഗളൂരുവിലെ ഡിജിറ്റൽ മാർക്കറ്റിങ്‌ കമ്പനിയായ ക്ലിക്ക്‌ ആർട്ടിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്‌. അനിമേഷൻ റിഗ്ഗിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌  ആഗ്രഹം.


Previous Post Next Post
Kasaragod Today
Kasaragod Today