മലപ്പുറം: ബന്ധുനിയമന കേസില്‍ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി ഹൈകോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഹൈകോടതി തള്ളിയ കേസാണെന്ന വാദമാണ് പൊളിഞ്ഞതെന്നും പി.കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
കെ.ടി ജലീലിന്‍റെ അധാര്‍മിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ആവശ്യപ്പെട്ടു. ജലീലിന്‍റെ കൂട്ടുക്കച്ചവടത്തില്‍ രണ്ടാം കക്ഷി മുഖ്യമന്ത്രിയാണ്. സത്യവും ധാര്‍മികതയും ജയിക്കുമെന്നാണ് ജലീല്‍ എപ്പോഴും പറയുന്നത്. എന്നാല്‍, അസത്യവും അധാര്‍മികതയും ചെയ്യുന്ന ഒരാള്‍ക്ക് ലഭിക്കുന്ന സ്വഭാവിക തിരിച്ചടിയാണിതെന്നും നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബന്ധുനിയമനത്തില്‍ കെ.ടി. ജലീല്‍ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്ന ലോകായുക്ത വിധി ശരിവെച്ച ഹൈകോടതിയുടെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
ബന്ധുനിയമനത്തില്‍ കെ.ടി. ജലീല്‍ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത വിധിച്ചത്. മന്ത്രിയെന്ന നിലയില്‍ കെ.ടി. ജലീലിന്‍റെ പ്രവൃത്തി ന്യായീകരിക്കാനാവില്ല. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധിച്ചത്.