കഴിഞ്ഞ ആഴ്ചയാണ് കർണാടകയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുടകിൽ അധികൃതർ കോവിഡിന്‍റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രോഗികളുടെ എണ്ണം വർധിച്ചതിനാൽ സഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിട്ടു. ഹോട്ടലുകളും റിസോർട്ടുകളും തുറക്കാമെങ്കിലും സഞ്ചാരികൾക്ക് പുതപ്പ് നൽകുന്നതിൽ വിലക്കേർപ്പെടുത്തി. ഇതോടെ മൈസൂരുവിലും പുതപ്പ് നിരോധനമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.
എന്നാൽ, അതിന് മറുപടിയുമായി അധികൃതർ തന്നെ എത്തിയിരിക്കുകയാണ്. മൈസൂരുവിൽ വിനോദസഞ്ചാരികൾക്ക് പുതപ്പ് നിരോധനം ഉണ്ടാകില്ലെന്ന് മന്ത്രി എസ്.ടി. സോമശേഖർ പറഞ്ഞു. എല്ലാ സഞ്ചാര കേന്ദ്രങ്ങളും തുറക്കും. അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ തുടരും.
ഒരു ലക്ഷം ഡോസ് കോവിഡ് വാക്സിൻ മൈസൂരു ജില്ലക്ക് നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം ഡോസുകൾ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഒരു ലക്ഷം ഡോസുകൾ ഉടൻ നൽകാമെന്നും ബാക്കി ഘട്ടം ഘട്ടമായി നൽകുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
മാർക്കറ്റുകൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ജില്ല ഭരണകൂടം കോവിഡ് പരിശോധന തുടരും- മന്ത്രി പറഞ്ഞു. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കാണിച്ച് ഡെപ്യൂട്ടി കമീഷണർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കി.
മൈസൂരുവിന്‍റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാണ് ടൂറിസം. കുടകിലേതുപോലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടിയാൽ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇനിയൊരു സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് അങ്ങേയറ്റം ദോഷകരമാണെന്ന് ടൂറിസം മേഖലയിലുള്ളവർ വ്യക്തമാക്കുന്നു.
പ്രതിവർഷം 3.5 ദശലക്ഷം സന്ദർശകരാണ് കർണാടകയിൽ എത്താറ്. ഇതിൽ നല്ലൊരു ശതമാനം പേരും മൈസൂരു സന്ദർശിക്കാതെ മടങ്ങാറില്ല.