ചെമ്മനാട് പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളും ടൗണായി മാറി,മാറ്റമില്ലാതെ പരവനടുക്കം,കെട്ടിടങ്ങൾ പണിയാനും വ്യാപാരം തുടങ്ങാനും മടിച്ച് ആളുകൾ

 പരവനടുക്കം:ഇന്നും പഴമയുടെ നൊസ്റ്റാർജിയ ഫീൽ ചെയ്യുന്ന ചെമ്മനാട് പഞ്ചായത്തിലെ ഒരേ ഒരു പ്രദേശം  പരവനടുക്കമാണ്, ഇവിടെ പുതിയ വ്യാപാര കേന്ദ്രങ്ങൾ തുടങ്ങാൻ ആളുകൾക്ക് മടിയാണ്,  സുന്ദരമായ മുഖമാണ് ഒരോ കവലയുടെയും ആകർഷണം. കച്ചവടകേന്ദ്രങ്ങൾ കൂടുകയും ആളുകൾ നിരന്തരം എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നതോടെ കവലകൾ ടൗണായി വളരുന്നു. നാടിന്റെ ഹൃദയതാളം അവിടെ കേൾക്കാം. പക്ഷേ, ചെമ്മനാട് പഞ്ചായത്തിലെ പ്രധാന കവലകളിലൊന്നായ പരവനടുക്കത്തിന് മുഖം നഷ്ടപ്പെട്ട പ്രതീതിയാണെന്നും.ദേശീയപാതയെയും കെ.എസ്.ടി.പി. തീരദേശ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ സിരാകേന്ദ്രമായി വളരേണ്ട ഇവിടെ അടച്ചിട്ട കുറെ കടമുറികളാണ് ആളുകളെ സ്വാഗതം ചെയ്യുന്നത്. പുതിയ വാണിജ്യകേന്ദ്രങ്ങളൊന്നും ഇവിടെ കാലങ്ങളായി ഉയരുന്നില്ല. കർഷകഗ്രാമങ്ങളിലുള്ളവർ കൂടിച്ചേരേണ്ട നാട്ടുകവലയാണെങ്കിലും കാസർകോട് നഗരത്തെയാണ് നാട്ടുകാർ കൂടുതലും ആശ്രയിക്കുന്നത്. ഹയർ സെക്കൻഡറി സ്കൂൾ, കോളേജ്, ആയുർവേദ ആസ്പത്രി, വൃദ്ധമന്ദിരം, മഹിളാമന്ദിരം, മൃഗാസ്പത്രി, ചിൽഡ്രൺസ് ഹോം, എം.ആർ.എസ്. സ്കൂൾ, ഓഡിറ്റോറിയം തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ വിളിപ്പാടകലെയാണെങ്കിലും അതിന്റെ സാമീപ്യമൊന്നും ഈ കവലയുടെ തുടിപ്പാകുന്നില്ല. പഞ്ചായത്തിലെ മറ്റുപ്രധാന കേന്ദ്രങ്ങളായ മേൽപ്പറമ്പും ദേളിയും കോളിയടുക്കവും ടൗൺഷിപ്പായി വളരുമ്പോൾ പരവനടുക്കത്തിന്റെ പഴയമുഖം മാറ്റിയെടുത്ത് ഉറക്കത്തിൽനിന്ന് ആരുണർത്തും?


സ്ഥലമുണ്ട്; സൗകര്യമില്ല


:എറ്റവും കൂടുതൽ സർക്കാർഭൂമി ഒഴിഞ്ഞുകിടക്കുന്ന കവലയാണ് പരവനടുക്കവും പരിസരവും. ഇതാണ് സർക്കാർ സ്ഥാപനങ്ങൾ ഇവിടെ കൂടുതൽ വരാൻ കാരണം. സ്വകാര്യഭൂമി കവലയോട് ചേർന്നില്ലാത്തതാണ് പുതിയ വാണിജ്യകെട്ടിടങ്ങൾ ഉയരാൻ തടസ്സം. സ്ഥലത്ത് വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ സ്വകാര്യ ഉടമകളുടെതല്ല, ചെമ്മനാട് പഞ്ചായത്തിന്റെതാണ്. 1993-ലാണ് പഞ്ചായത്ത് ഇവിടെ ഷോപ്പിങ് കോംപ്ലക്സ് പണിയുന്നത്. 19 കടമുറികളാണ് രണ്ടുകെട്ടിടങ്ങളിലായുള്ളത്. മുൻപ് സ്ഥലത്ത് ഷെഡ്ഡ് നിർമിച്ച് കടകൾ നടത്തിയ ചിലർക്ക് ഹൈക്കോടതി നിർദേശപ്രകാരം കെട്ടിടത്തിൽ മുറി നൽകാൻ പഞ്ചായത്ത് തയ്യാറായി. മറ്റുള്ള മുറികൾ ലേലം ചെയ്തുകൊടുക്കുകയായിരുന്നു.ഇവയിൽ മിക്ക മുറികളിലും ഇപ്പോൾ കച്ചവടം ഇല്ലാത്തതാണ് പരവനടുക്കത്തിന്റെ നിറംകെടുത്തുന്നത്. മുറി ഏറ്റെടുത്ത ചിലർ വർഷങ്ങളായി അത് ഉപയോഗിക്കാതെ വെക്കുന്നതാണ് കാരണം. ഒരു അടച്ചിടൽ പ്രതീതിയാണ് ഇതുണ്ടാക്കുന്നത്.


പ്രവർത്തിക്കുന്നില്ലെങ്കിലും മുറികളുടെ വാടക കൃത്യമായി കിട്ടുന്നുണ്ടെന്നും കഴിഞ്ഞ ആറുവർഷമായി വർഷംതോറും അഞ്ചുശതമാനം വാടക കൂടുതൽ ലഭിക്കുന്നുണ്ടെന്നുമാണ് പഞ്ചായത്തധികൃതർ വ്യക്തമാക്കുന്നത്.


എങ്കിലും വരുമാനം വളരെ തുച്ഛം. കെട്ടിടത്തിന്‍റെ മുകൾനില കെട്ടുന്നതും കൂടുതൽ സൗകര്യം ഒരുക്കുന്നതും കെട്ടിടത്തിന്‍റെ മുഖം മിനുക്കുന്നതും ഇതുകാരണം പഞ്ചായത്ത് മരവിപ്പിച്ചിരിക്കുകയാണ്.മഴ വന്നാൽ കുട...


:പരവനടുക്കം കവലയോട് ചേർന്നാണ് അരനൂറ്റാണ്ട് മുൻപ് പ്രവർത്തനം തുടങ്ങിയ വെറ്ററിനറി ഡിസ്പൻസറി. ചോർന്നൊലിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിൽനിന്ന് ഈ ഡിസ്‌പെൻസറിക്ക് എന്നാണ് മോചനമെന്ന് നാട്ടുകാർ ചോദിക്കുന്നു. 1969 ഏപ്രിൽ നാലിനാണ് ഡിസ്‌പെൻസറി തുടങ്ങുന്നത്. ഇടയ്ക്ക് കെട്ടിടം അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതി തഥൈവ. കംപ്യൂട്ടറുകളും ഓഫീസ് സാമഗ്രികളും നനയുന്നത് തടയാൻ മഴക്കാലത്ത് സാഹസം കാട്ടണം. വേനലിൽ ജലക്ഷാമവും രൂക്ഷം.


പല ഭാഗങ്ങളിൽനിന്ന് അരുമകളായ നാൽക്കാലികളുമായി എത്തുന്നവർക്ക് ഇത്തിരി വെള്ളം വേണമെങ്കിൽ കടകളിൽ പോയി കുപ്പിവെള്ളം വാങ്ങണം.ഡിസ്‌പെൻസറിയിൽ എത്തിക്കുന്ന വളർത്തുമൃഗങ്ങൾക്ക് കുത്തിവെപ്പ് നൽകുന്നത് ഉപയോഗശൂന്യമായ ശീതീകരണപ്പെട്ടിയിൽ കിടത്തിയാണ്. വെറ്ററിനറി സർജനും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറും ഉള്ള കേന്ദ്രമാണിത്. നിലവിലുള്ള കിണർ വൃത്തിയാക്കി വെള്ളം ലഭ്യമാക്കാൻ ഉടൻ നടപടി വേണ്ടിയിരിക്കുന്നു. അതേസമയം ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമിക്കാൻ 35 ലക്ഷം രൂപ നടപ്പുവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.


എല്ലാം തയ്യാർപക്ഷേ...


:'കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ല' എന്ന് പറയുന്നതുപോലെയായി പരവനടുക്കത്ത് തുടങ്ങാനിരുന്ന ബഡ്സ് സ്കൂളിന്റെ കാര്യംപഞ്ചായത്തിലെ ഭിന്നശേഷിക്കാരെയും മറ്റും ഇപ്പോൾ പെരിയയിലെ ബഡ്സ് സ്കൂളിലേക്കാണ് കൊണ്ടുപോകുന്നത്. കൃഷിവകുപ്പിന്റെ പഴയകെട്ടിടം നവീകരിച്ചാണ് പരവനടുക്കത്ത് ബഡ്സ് സ്കൂൾ തുടങ്ങാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നത്.


ഒടുവിൽ 10 ലക്ഷം ചെലവാക്കി ഇതിനായി കെട്ടിടത്തിന്റെ മേൽക്കൂരയിൽ പന്തലിടുകയും താഴെ ഹാൾ നിർമിക്കുകയും ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തെങ്കിലും ഫലത്തിൽ ലക്ഷ്യംതെറ്റിയ നിലയിലാണ്. കോവിഡിന്റെ പേരിൽ ഒരുവർഷമായി തീരുമാനം കോൾഡ് സ്റ്റോറേജിലാണ്.


മുൻപ് ഇവിടെ പഞ്ചായത്ത് സേവനങ്ങൾ ലഭ്യമാക്കാൻ ഗ്രാമകേന്ദ്രം തുടങ്ങാൻ സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും അതും എങ്ങുമെത്തിയിരുന്നില്ല. (കടപ്പാട് )ജയചന്ദ്രൻ. 


Previous Post Next Post
Kasaragod Today
Kasaragod Today