കർണാടക ബിജെപി നേതാക്കളെത്തി പണമൊഴുക്കി,എന്നാൽ മഞ്ചേശ്വരത്തെ ജനങ്ങൾ എനിക്കൊപ്പം നിന്നു, എ കെ എം അഷ്‌റഫ്‌, ബിജെപി യെ പരാജയപ്പെടുത്താൻ എസ്‌ഡിപിഐ സഹായിച്ചുണ്ടാകാം എന്നും അഷ്‌റഫ്‌

 കാസര്‍കോട്: ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷനോട്‌ ഏറ്റു മുട്ടി മിന്നും വിജയം കരസ്ഥമാക്കിയാണ്  എ കെ എം അഷ്‌റഫ്‌ വിജയിച്ചത്

 എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിജയത്തിനായി കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരും എം.എല്‍.എമാരും അടക്കം തമ്പടിച്ച് പണമൊഴുക്കിയതായി മഞ്ചേശ്വരത്ത് വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് ആരോപിക്കുന്നു . കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അഷ്‌റഫ്. ന്യൂനപക്ഷങ്ങളുടേതടക്കം നിരവധി വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും കയറി 1000 രൂപയും കിറ്റും നല്‍കി. വലിയ രീതിയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നേതാക്കളും ശ്രമം നടത്തി. എന്നാല്‍ ഇതെല്ലാം മറികടന്ന് ജനാധിപത്യ-മതേതര വിശ്വാസികള്‍ തനിക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്നും മതേതര വോട്ടുകള്‍ കൊണ്ടാണ് ചെറിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിച്ചതെന്നും അഷ്‌റഫ് പറഞ്ഞു. 5000-6000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ എന്‍.ഡി.എ പണമൊഴുക്കിയത് മൂലം ഇത് ലഭിച്ചില്ലെന്നും അഷ്‌റഫ് പറഞ്ഞു. ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി വിജയിക്കരുതെന്നാണ് എന്‍.ഡി.എ നേതാക്കള്‍ പലരേയും കണ്ട് പറഞ്ഞത്.

കെ. സുരേന്ദ്രന്‍ നോമിനേഷന്‍ കൊടുത്ത ശേഷം തനിക്കെതിരെ അപരനെ നിര്‍ത്താന്‍ അഷ്‌റഫ് എന്ന് പേരുള്ള പലരേയും സമീപിച്ചു. അവരില്‍ പലരും എന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അപരനായി നില്‍ക്കാന്‍ ആരും തയ്യാറായില്ല. കര്‍ണാടക ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വോട്ടുകള്‍ പിടിക്കാനാണ് എന്‍.ഡി.എ ശ്രമിച്ചത്. എസ്.ഡി.പി.ഐയുടെ പിന്തുണയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എന്‍.ഡി.എയെ പരാജയപ്പെടുത്താന്‍ അവര്‍ സഹായിച്ചിട്ടുണ്ടാകാമെന്നും  അഷ്‌റഫ് പറഞ്ഞു . എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശന്‍ ന്യൂനപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തിയതെന്നും ഇത് ബി.ജെ.പിക്ക് ഗുണകരമായെന്നും അഷ്‌റഫ് പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു


Previous Post Next Post
Kasaragod Today
Kasaragod Today