ബന്തടുക്ക: വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ മകളെയും രക്ഷിക്കാനിറങ്ങി കിണറ്റിലകപ്പെട്ട അച്ഛനെയും കുറ്റിക്കോൽ അഗ്നിരക്ഷാസേന രക്ഷിച്ചു. നെല്ലിത്താവ് വീട്ടികോൽ പട്ടികവർഗ കോളനിയിലെ നവ്യ (15) യാണ് കപ്പിയുടെ തൂൺ, കയർ എന്നിവ പൊട്ടി കിണറ്റിൽ വീണത്.
ഉടൻ അച്ഛൻ നാണു കയറുപയോഗിച്ച് രക്ഷിക്കാൻ കിണറ്റിലിറങ്ങി. എങ്കിലും മകളെയുംകൊണ്ട് തിരിച്ചുകയറാനായില്ല. തിങ്കളാഴ്ച പകൽ പത്തോടെയാണ് അപകടം. അയൽവാസിയുടെ 20 അടിയോളം താഴ്ചയുള്ള കിണറിലാണ് വീണത്. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും കിണറ്റിലെ തുരങ്കത്തിന് സമീപം വെള്ളമില്ലാത്തയിടത്ത് അള്ളിപ്പിടിച്ചിരിക്കുകയായിരുന്ന ഇരുവരും.സ്റ്റേഷൻ ഓഫീസർ ഷാജി ജോസഫ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവില, ഫയർ ഓഫീസർമാരായ ബി.കുഞ്ഞമ്പു, ബി.അനീഷ്, പി.എൽ.മിഥുൻ, ഹോംഗാർഡ് ടി.ആർ.ഗോപാലൻ, ഡ്രൈവർമാരായ വിനോദ്, രജീഷ് എന്നിവരും നാട്ടുകാരും രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.