കാസര്‍കോട്: ഹെലികോപ്റ്ററില്‍ പ്രചാരണം നടത്തിയിട്ടും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് നിലംതൊടാനായില്ല. കന്നിയങ്കം കുറിച്ച നാട്ടുകാരനായ മുസ്ലിംലീഗിലെ എ.കെ.എം അഷ്റഫിനോട് പരാജയപ്പെട്ടാണ് ഒരിക്കല്‍ കൂടി കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തുനിന്ന് മടങ്ങുന്നത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ പിരിമുറുക്കം സൃഷ്ടിച്ചു കൂട്ടിയും കുറച്ചും ലീഡ് നിലനിര്‍ത്തിയ ശേഷം 745 വോട്ടിനാണ് അഷ്‌റഫ് വിജയിച്ചത്. 2016 ല്‍ ലീഗിലെ പി ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടിന് തോല്‍വി നേരിട്ടതിന് സമാനമായ തോല്‍വിയാണ് അഞ്ചു വര്‍ഷത്തിനു ശേഷവും സുരേന്ദ്രന് അതിര്‍ത്തി മണ്ഡലത്തിലുണ്ടായത്. അതും കെ. സുരേന്ദ്രന്‍ ജയിക്കുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ കണക്കുകൂട്ടിയ അതേ മാജിക് നമ്ബറിന്.
സി.പി.എമ്മിലെ വി .വി. രമേശന്‍ കൂടുതല്‍ വോട്ട് പിടിച്ചിട്ടും സുരേന്ദ്രന് രക്ഷപ്പെടാനായില്ല. ഹെലികോപ്റ്ററില്‍ എത്തി പ്രചാരണ കൊടുങ്കാറ്റ് വീശിയും കര്‍ണ്ണാടകയില്‍ നിന്നുള്ള ടീമിനെ അണിനിരത്തി വമ്ബന്‍ സന്നാഹം ഉയര്‍ത്തിയിട്ടും മഞ്ചേശ്വരത്ത് അത്ഭുതങ്ങള്‍ ഉണ്ടാക്കാനായില്ല. കരുത്തരായ കെ. സുരേന്ദ്രനോടും വി.വി. രമേശനോടും പൊരുതി അടിയൊഴുക്കുകളെ പ്രതിരോധിച്ചാണ് അഷ്റഫ് നിയമസഭ കയറുന്നത്. അഷ്‌റഫ് 65758 വോട്ടും കെ. സുരേന്ദ്രന്‍ 6503 വോട്ടും നേടിയപ്പോള്‍ വി.വി. രമേശന്‍ 40639 വോട്ട് പിടിച്ചിരുന്നു.
അടിയൊഴുക്കില്ല; നെല്ലിക്കുന്ന് നിലനിര്‍ത്തി
കാസര്‍കോട് മണ്ഡലത്തില്‍ നിന്നും എന്‍.എ നെല്ലിക്കുന്ന് മൂന്നാം തവണയും ജയിച്ചു കയറിയത് റിക്കാര്‍ഡ് ഭൂരിപക്ഷത്തിനാണ് എന്നത് യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തി. ടി .ഇ. അബ്ദുല്ലയെ തഴഞ്ഞതിന് ലീഗിലെ ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്ന അപശബ്ദങ്ങളെയും അടിയൊഴുക്കുകളെയും സമര്‍ത്ഥമായി നേരിട്ടാണ് നെല്ലിക്കുന്ന് 13,575 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. മണ്ഡലത്തിലെ പല പ്രദേശങ്ങളിലും ബി.ജെ.പിക്ക് അനുകൂലമായ അടിയൊഴുക്കുകള്‍ ശക്തമായിരുന്നു.
ഉദുമയില്‍ ഉലയാതെ എല്‍.ഡി.എഫ്
തുടക്കത്തിലുണ്ടായ സൂചനകളില്‍ അട്ടിമറി മണത്തെങ്കിലും ബാലകൃഷ്ണന്‍ പെരിയയെ പിന്നിലാക്കി സി.എച്ച്. കുഞ്ഞമ്ബു 12,616 വോട്ടിന് ഉദുമയില്‍ ഇടതുകോട്ട കാത്തു. 5000 വോട്ടിന് പിന്നിട്ടുനിന്നിടത്ത് നിന്ന് ശക്തമായ തിരിച്ചുവരവാണ് സി.എച്ച് നടത്തിയത്. 2016 ലേതിനെക്കാള്‍ മൂന്നിരട്ടി കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് കണക്കുകൂട്ടിയിടത്ത് യു.ഡി.എഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാളും പിന്നാക്കം പോകുകയായിരുന്നു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മികച്ച വിജയം നേടാനായി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എം. രാജഗോപാലനാകട്ടെ മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം ഇതാദ്യമായി ഇടതുമുന്നണിയെ കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിക്കുകയും ചെയ്തു.