തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടുള്ള പെണ്‍പോരാട്ടത്തില്‍ മിന്നും ജയം നേടിയവരാണ് അരൂര്‍, കായംകുളം മണ്ഡലങ്ങളില്‍ നിന്ന് എത്തിയവര്‍. ഇവര്‍ ഉള്‍പ്പെടെ 15-ാം നിയമസഭയിലേക്ക് വിജയിച്ചുവന്നത് 11 വനിതകള്‍. വനിതകള്‍ നേരിട്ടു ഏറ്റുമുട്ടിയ അരൂരില്‍ സിപിഎമ്മിന്റെ ദലീമയും കോണ്‍ഗ്രസിന്റെ ഷാനിമോളുമായിരുന്നു സ്ഥാനാര്‍ഥികള്‍.
വിജയം ദലീമയ്ക്കൊപ്പം നിന്നു. കായംകുളത്ത് സിപിഎം സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംഎല്‍എ പ്രതിഭയ്ക്കെതിരേ കോണ്‍ഗ്രസ് അരിതാ ബാബുവിനെ രംഗത്തിറക്കിയെങ്കിലും വിജയം പ്രതിഭ സ്വന്തമാക്കി.
ആകെ വിജയിച്ച 11-ല്‍ 10 പേര് ഇടതുമുന്നണിയില്‍ നിന്നുള്ളവരാണ്. അതേസമയം, വടകരയില്‍ കെ.കെ. രമ യുഡിഎഫ് പിന്തുയോടെ വിജയിച്ചു. ഏറെ ശ്രദ്ധേയമായ മത്സരമായിരുന്നു ഇത്.
വനിതകളില്‍ മട്ടന്നൂരില്‍ നിന്ന് വിജയിച്ചെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം. വൈക്കത്തു നിന്നു രണ്ടാം തവണയും നിയമസഭയില്‍ പോരാട്ടത്തിനിറങ്ങിയ സി.കെ. ആശ മികച്ച ഭൂരിപക്ഷത്തില്‍ സഭയിലേക്ക് എത്തിയപ്പോള്‍ ആറന്മുളയില് രണ്ടാം അങ്കത്തിലും മിന്നും വിജയം സ്വന്തമാക്കി വീണാ ജോര്‍ജും നിയമസഭയിലേക്ക് വീണ്ടുമെത്തി. ആറ്റിങ്ങലില്‍ നിന്നും വിജയിച്ച ഒ.എസ്. അംബിക, ഇരിങ്ങാലക്കുടയില്‍ നിന്നുള്ള പ്രഫ.ആര്.ബിന്ദു, കോങ്ങാടു നിന്നു വിജയം സ്വന്തമാക്കിയ കെ.ശാന്താകുമാരി, കൊയിലാണ്ടിയില്‍ നിന്നു വിജയിച്ച കാനത്തില്‍ ജമീല, ചടയമംഗലത്തെ പ്രതിനിധീകരിക്കുന്ന ജെ.ചിഞ്ചുറാണി എന്നിവര്‍ പുതുമുഖങ്ങളാണ്.
ഇത്തവണത്തെ 11 വനിതകളെക്കൂടി കൂട്ടിയാല്‍ നിയമസഭയിലെത്തിയ വനിതകളുടെ എണ്ണം 55 ആകും. നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വനിതകള്‍ വിജയിച്ചത് 1996 ലെ തെരഞ്ഞെടുപ്പിലാണ്. 13 വനികളാണ് അന്നു നിയമസഭയിലെത്തിയത്.