ഇളവുകളുടെ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍; കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാം, ടിപിആര്‍ കുറഞ്ഞാല്‍ ശരിക്കുള്ള 'അണ്‍ലോക്ക്'

 തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ 'അണ്‍ലോക്കി'ന് തുടക്കമാകുന്നതിന് സമാനമായ ഇളവുകളോടെ ലോക്ക് ഡൗണ്‍ പുതിയഘട്ടം തുടങ്ങി. ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ വ്യവസായസ്ഥാപനങ്ങളും അന്‍പത് ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാം. തുണിക്കടകള്‍ ജ്വല്ലറി. പുസ്തകവില്പന കടകള്‍, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ തുറക്കാം തുടങ്ങി ഇളവുകള്‍ ഒരുപാടുണ്ട്. ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. കള്ള് ഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പാഴ്സല്‍ നല്‍കാം.

പാഴ്വസ്തുക്കള്‍ സൂക്ഷിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 


വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗണ്‍ കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതി വിലയിരുത്തല്‍. അത് കൊണ്ടാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ ലോക്ക് ഡൗണ്‍ സമയപരിധി തീരുന്നതിന് മുമ്ബ് തന്നെ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ നിശ്ചിതദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കും. അന്തര്‍ജില്ലാ യാത്രകളുടെ കാര്യത്തിലാണ് പിന്നീട് തീരുമാനം വരാനുള്ളത്.


തിങ്കളാഴ്ച തുടങ്ങുന്ന പുതിയ ലോക്ക്ഡൗണ്‍ ഘട്ടം ആഴ്ചയിലെ ശരാശരി ടിപിആര്‍ പരിശോധിച്ചാകും തുടര്‍ തീരുമാനം. 20 ന് മുകളിലേക്കെത്തിയ ടിപിആര്‍ ഇപ്പോള്‍ ശരാശരി 16 ലെത്തി. ഞായറാഴ്ച 16 ലും താഴെ എത്തിയതോടെ കൂടുതല്‍ ഇളവുകള്‍ വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഘട്ടം ഘട്ടമായി അണ്‍ലോക്ക് എന്ന നയമാണ് പൊതുവെ സര്‍ക്കാര്‍ അംഗീകരിക്കുന്നത്. എന്നാല്‍ ചില പഞ്ചായത്തുകളില്‍ ഇപ്പോഴും 30 ശതമാനത്തിന് മേല്‍ ടിപിആര്‍ തുടരുന്ന സാഹചര്യം വെല്ലുവിളിയായി തുടരുകയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today