സംസ്ഥാനത്ത് തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ എം എൽ എ മാരായത് ഇവർ മൂന്നു പേർ

 തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയിട്ടുളള സ്ഥാനാര്‍ത്ഥിയെന്ന റെക്കോര്‍ഡ് ആര്‍എസ്പി നേതാവ് എഎ അസീസിനാണ്. 2001ല്‍ ഇരവിപുരത്ത് മത്സരിച്ച എഎ അസീസ് കടന്ന് കൂടിയത് വെറും 21 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആ റെക്കോര്‍ഡ് ആരും തകര്‍ത്തിട്ടില്ല.


എങ്കിലും നിയമസഭയിലേക്ക് ഇക്കുറി ഏറ്റവും കുറവ് ഭൂരിപക്ഷം നേടി കടന്ന് കൂടിയിരിക്കുന്നത് മുസ്ലീം ലീഗിന്റെ നജീബ് കാന്തപുരം ആണ്. പെരിന്തല്‍മണ്ണയില്‍ നിന്നാണ് നജീബ് കാന്തപുരം മത്സരിച്ചത്. ഇടത് സ്വതന്ത്രനായ കെപിഎം മുസ്തഫയെ വെറും 38 വോട്ടിനാണ് നജീബ് കാന്തപുരം തോല്‍പ്പിച്ചത്. സംസ്ഥാനത്ത് ഇത്തവണ 6 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയാണ്.




കടുത്ത മത്സരം നടന്ന കുറ്റ്യാടിയില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന പാറക്കല്‍ അബ്ദുളളയെ സിപിഎം നേതാവ് കെപി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ തോല്‍പ്പിച്ച്‌ 333 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ്. കുറവ് ഭൂരിപക്ഷത്തില്‍ മൂന്നാമതുളളത് മഞ്ചേശ്വരത്തെ നിയുക്ത എംഎല്‍എ എകെഎം അഷ്‌റഫ് ആണ്. കെ സുരേന്ദ്രനെ 745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഷ്‌റഫ് പരാജയപ്പെടുത്തിയത്.


ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരില്‍ സിപിഎമ്മിന്റെ പി ബാലചന്ദ്രന്റെ വിജയം 946 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അവസാന ഘട്ടത്തിലാണ് പി ബാലചന്ദ്രന്‍ തൃശൂര്‍ പിടിച്ചെടുത്തത്. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ ആണ് പി ബാലചന്ദ്രന്‍ തോല്‍പ്പിച്ചത്. താനൂരില്‍ പികെ ഫിറോസിനെ വി അബ്ദുറഹിമാന്‍ തോല്‍പ്പിച്ചത് 985 വോട്ടുകള്‍ക്കാണ്. തൃപ്പൂണിത്തുറ കെ ബാബു തിരിച്ച്‌ പിടിച്ചത് സിറ്റിംഗ് എംഎല്‍എ സിപിഎമ്മിന്റെ എം സ്വരാജിനെ ആണ് കെ ബാബു തോല്‍പ്പിച്ചത്. ചാലക്കുടിയില്‍ കോണ്‍ഗ്രസിന്റെ സനീഷ് കുമാര്‍ ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഡെന്നീസ് കെ ജോസഫിനെ 1057 വോട്ടുകള്‍ക്കും ചവറയില്‍ ഷിബു ബേബി ജോണിനെ സുജിത്ത് വിജയന്‍ 1096 വോട്ടുകള്‍ക്കും ആണ് തോല്‍പ്പിച്ചത്.


Previous Post Next Post
Kasaragod Today
Kasaragod Today