കാസര്‍കോട്: കാഞ്ഞങ്ങാട് നിന്നും 5 സിലിണ്ടര്‍ ഓക്സിജന്‍ എത്തിയതോടെ ഇ കെ നായനാര്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി. ഇതുമൂലം ഗുരുതരാവസ്ഥയിലുള്ള മൂന്ന് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കാനായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇ കെ നായനാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്രതിസന്ധി എന്ന വാര്‍ത്ത പരന്നത്. 65 ഓക്സിജന്‍ സിലിണ്ടര്‍ വേണമെന്നായിരുന്നു ആവശ്യം. ആശുപത്രിയില്‍ നിലവിലുള്ള സിലിണ്ടറുകള്‍ രണ്ട് മണിക്കൂറിനകം തീരുമെന്നും ഗുരുതരാവസ്ഥയിലുള്ളവരെ അടക്കം 12 പേരെ മാറ്റേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
കാസര്‍കോട് നിലവില്‍ ഓക്സിജന്‍ പ്ലാന്റ് ഇല്ലാത്തതിനാല്‍ കണ്ണൂരില്‍ നിന്നും മംഗലാപുരത്തു നിന്നുമാണ് ആശുപത്രിയിലേക്കാവശ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നത്.
കളക്ടറെയും ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരേയും നേരത്തെ തന്നെ ഈ പ്രതിസന്ധി അറിയിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.
