കണ്ണൂര്‍: ബിജെപി നേതാവ് കുനിയില്‍ പത്മനാഭന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ പുതിയ സ്ഥിരീകരണം. ഒമ്ബതുകാരിയെ ക്ലാസിലെ ശുചിമുറിയില്‍ വച്ച് അധ്യാപകന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ശാസ്ത്രീയ അന്വേഷണത്തില്‍ തെളിഞ്ഞത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായെന്നു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രക്തക്കറ കണ്ടെത്തിയത്. ഇതിനൊപ്പും മറ്റു രീതിയിലുള്ള ശാസ്ത്രീയ പരിശോധനകളും അന്വേഷണത്തിന്റെ ഭാഗമായി നടന്നു. ഇതോടെ, പ്രമാദമായ കേസില്‍ ഉടന്‍ തന്നെ തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണസംഘം അധിക കുറ്റപത്രം സമര്‍പ്പിച്ചേക്കും.
2020 ജനുവരിയിലാണ് ബിജെപി നേതാവും അധ്യാപകനുമായ പാനൂര്‍ കുനിയില്‍ പദ്മരാജന്‍ ഒമ്ബതു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയതായി പരാതി ലഭിച്ചത്. ആദ്യം പാനൂര്‍ പോലിസാണ് അന്വേഷിച്ചെങ്കിലും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അറസ്റ്റ് വൈകി. പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പോലിസിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ അറസ്റ്റ് ചെയ്തു. എന്നാല്‍ ബിജെപി നേതാവായ പത്മരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്.
പീഡനം നടന്നിട്ടില്ലെന്നു പെണ്‍കുട്ടിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും പോലിസ് പറഞ്ഞു. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം കേസ് അന്വേഷിച്ചു. ഇദ്ദേഹവും പീഡനം നടന്നിട്ടില്ലെന്നും പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നുമായിരുന്നു കോടതിയെ അറിയിച്ചത്. ഇതിനിടെ, ഐ ജി എസ് ശ്രീജിത്തിന്റെ പെണ്‍കുട്ടിയെ അപമാനിക്കുന്ന വിധത്തില്‍ അപരിചിതനുമായി ഫോണില്‍ സംസാരിച്ചതും പുറത്തായി. ഇതോടെ, ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയും ചെയ്തു. പലഘട്ടങ്ങളിലായി പത്മരാജനെ രക്ഷിച്ചെടുക്കാന്‍ അട്ടിമറികള്‍ നടന്നത് തേജസ് ന്യൂസ് ഉള്‍പ്പെടെ പുറത്തുകൊണ്ടുവന്നിരുന്നു.
ഐജി ഇജെ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ വിശദവും ശാസ്ത്രീയവുമായ അന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിയില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കേസിന്റെ തുടക്കം മുതലുള്ള ഓരോ കാര്യങ്ങളും വിശദമായി അന്വേഷിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചത്.
