ഫോണും പിടിച്ചെടുത്തതിനാൽ പരസ്പരം സന്ദേശംകൈമാറാനായില്ല; രാത്രി നടത്തിയ പരിശോധന യിൽ മണ്ണ് കടത്തുന്ന 7 ടോറസ് ലോറികൾ പിടിയിലായി

 പെർള ∙ ആന്ധ്രയിലേക്ക് കടത്താൻ മണ്ണ് കയറ്റിയ ടോറസ് ലോറികൾ റവന്യു അധികൃതർ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിൽ മണ്ണ് ലോഡ് ചെയ്ത 7 ലോറികളാണ് പിടിച്ചെടുത്തത്.ചെങ്കൽ ക്വാറികളിൽ നിന്നുള്ള മണ്ണ് അനധികൃതമായി കടത്തുന്ന വിവരം ലഭിച്ചതോടെയാണ് ഇവിടെ പരിശോധന നടത്തിയത്. സാധാരണ ഒരു ലോറി പിടിയിലായാൽ ഇതിലുള്ളവർ മറ്റുള്ളവർക്ക് വിവരം നൽകുന്നതിനാൽ എല്ലാ ലോറികളും പിടിയിലാവാറില്ല.  ഇത്തവണ പരിശോധനയിൽ ലോറികൾ പിടിച്ചെടുക്കുമ്പോൾ മൊബൈൽ ഫോണും പിടിച്ചെടുത്തതിനാൽ മറ്റു ലോറികളിലുള്ളവർക്ക് സന്ദേശം നൽകാനായില്ലെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ മഞ്ചേശ്വരം താഹസിൽദാർ(എൽആർ)വിനോയ് ബേബി പറഞ്ഞു. ഓരോ ലോറികളും പിടിച്ചെടുത്തപ്പോൾ  അവരുടെ മൊബൈൽ ഫോണും പിടിച്ചെടുത്താണ് ഇന്നലെ പരിശോധന നടത്തിയത്.


ജില്ലയിലെ വിവിധയിടങ്ങളിൽ ലോഡ് ഇറക്കി പോകുന്ന ലോറികളാണ് ആന്ധ്ര പ്രദേശിലെ സിമന്റ് കമ്പനിയിലേക്ക് ഇവിടെ നിന്നു മണ്ണ് കൊണ്ടു പോകുന്നത്.   വൻഭാരം കയറ്റി പോകുന്ന ഈ ലോറികളിലെ 1ലോഡ് മണ്ണിനു ലക്ഷം രൂപയാണ് ലഭിക്കുന്നത്. മണ്ണെടുക്കാൻ വേണ്ടി മാത്രമായി ഇവിടെ ലോറികളെത്തുന്നു. ഇതിനു വേണ്ടി പ്രവർത്തിക്കുന്ന ഏജന്റുമാരുണ്ട്.കർണാടക അതിർത്തി പ്രദേശമായതിനാലും ചെങ്കൽ ക്വാറികൾ ഉൾഭാഗത്ത് പ്രവർത്തിക്കുന്നതിനാലും  അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ കടത്താനാകും. 1ലോഡ് മണ്ണ് ലോഡ് ചെയ്യുന്നതിനു ദിവസമെടുക്കും. പിടിയിലാകുമ്പോൾ  ചെങ്കൽ വെട്ടുന്നതിനുള്ള പാസാണ് ഇവർ നൽകുന്നത്. ഇതിൽ ചിലത് പുതുക്കാത്തതും പഴയതുമാണ്. ഇതിൽ മണ്ണ് കടത്തുന്നതിനുള്ള അനുവാദമില്ല. ഇതിന്റെ മറവിലാണ് മണ്ണ് കടത്തുന്നത്. പരിശോധനാ വിവരം  ഇന്ന് കലക്ടർക്ക് കൈമാറും. ലോറികൾ ബദിയടുക്ക സ്റ്റേഷനിൽ എത്തിച്ചു.  ഡപ്യൂട്ടി തഹസിൽദാർ വി.ശ്രീകാന്ത്, ബഷീർ മുഹമ്മദ്, തസ്‌ലീമുല്ല(ക്ലാർക്ക്), ചന്ദ്രൻ(ഡ്രൈവർ)എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.


ക്വാറികളിൽ നിന്ന് ചെങ്കല്ല് കടത്തും


എൻമകജെ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ രണ്ടും മൂന്നും ചെങ്കൽ ക്വാറികളുണ്ട്. ഇവിടെയുള്ള ചെറിയ ക്വാറികളിൽ നിന്നാണ് പ്രാദേശികമായി ചെങ്കൽ വിതരണമുള്ളത്. വലിയ ക്വാറികളിൽ നിന്നും ചെങ്കൽ കർണാടകയിലേക്കും കടത്തുന്നു. കല്ലു  കൊണ്ടു പോകുന്നതിന് ഇവിടെ ഒട്ടേറെ ലോറികളെത്തുന്നു. പ്രാദേശികമായി കല്ലൊന്നിനു 22 രൂപ വരെ ലഭിക്കുമ്പോൾ കർണാടകയിൽ  60 രൂപയോളം ലഭിക്കുന്നു.  800 കല്ലുകളുള്ള ലോഡാണ് കർണാടകയിലേക്ക് കടത്തുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ലോഡിറക്കി പോകുന്ന ലോറികൾ രണ്ടും മൂന്നും ദിവസം കാത്തിരുന്നാണ് ചെങ്കൽ ലോഡ് ചെയ്യുന്നത്.


വിവിധ സ്ഥലങ്ങളിൽ കറങ്ങുന്ന ഈ ലോറികളിലെ ജീവനക്കാർ  ഇവിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയുയർന്നിട്ടുണ്ട്. ഇവിടെ പ്രഭാത കർമങ്ങൾ നിർവഹിച്ചും ക്വാറി പരിസരത്തെ കടകളിൽ നിന്നു ഭക്ഷണം കഴിച്ചും കഴിയുന്നതിനാൽ കോവിഡ് പകരാനുള്ള സാധ്യതയേറെയാണ്.  ഇതിനെതിരെ പരാതി നൽകിയാലും പരാതിയുടെ വിവരം ആദ്യമറിയുന്നതും ക്വാറി മുതലാളിമാരാണെന്നാണ് പരാതി. അധികൃതർ തന്ന പരാതി ചോർത്തി ക്വാറി മുതലാളിമാരെ സഹായിക്കുന്ന സ്ഥിതിയാണുള്ളത്.


Previous Post Next Post
Kasaragod Today
Kasaragod Today