ചെന്നൈ: ലോക്ഡൗണ്‍ വീണ്ടും നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്നും ഉടൻ പിൻവലിക്കേണ്ടി വരുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
ലോക്ഡൗണ്‍ അവസാനിപ്പിക്കേണ്ടതുണ്ട്, അത് ജനങ്ങളുടെ കൈകളിലാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിനായി എല്ലാവരും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഫലമായി ആശുപത്രികളില്‍ ഓക്‌സിജന്റെയോ കിടക്കകളുടെയോ കുറവുകളില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഫലമായി മേയ് 24 മുതല്‍ സംസ്ഥാനത്ത് ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ചെന്നൈയില്‍ മാത്രം 7,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ 3,000ല്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച 2,596 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 'കോവിഡ് വ്യാപനം തടയുന്നതിനായി സമ്ബൂര്‍ണ ലോക്ഡൗണല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. എന്നാല്‍ ലോക്ഡൗണ്‍ ഒരു വിഭാഗം ജനങ്ങളെ സാരമായി ബാധിച്ചിരുന്നു. അതിനാലാണ് കോവിഡ് സഹായ പദ്ധതിയായി 4000 രൂപ പ്രഖ്യാപിച്ചത്. അതിന്റെ ആദ്യ ഗഡു ആയി 2000 രൂപ വിതരണം ചെയ്തത്' സ്റ്റാലിന്‍ പറഞ്ഞു.
ഇനിയും ലോക്ഡൗണ്‍ നീട്ടീകൊണ്ടു പോകാന്‍ കഴിയില്ലെന്ന് അത് അവസനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യാര്‍ത്ഥിച്ചു. അതേസമയം പ്രതിദിനം സംസ്ഥാനത്ത് മൂന്ന് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് 1.70 ലക്ഷം പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,75,044 ആയി ഉയര്‍ന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കഴിഞ്ഞ ഒറ്റദിവസത്തില്‍ 2,55,287 പേരാണ് കോവിഡ് മുക്തി നേടിയത്. ഇതുവരെ 2,59,47,629 പേരാണ് കോവിഡ് മുക്തി നേടിയത്. 92.09% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 18,95,520 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.
കോവിഡ് വ്യാപനം പിടിമുറുക്കിയ മെയ് മാസത്തില്‍ മാത്രം 90.3 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1.2 ലക്ഷത്തോളം ആളുകള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ നിന്നും രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസം നല്‍കുന്ന കാര്യം തന്നെയാണ്.
രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കയായി തുടരുന്നുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 2,795 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 3,31,895 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.