ബേക്കല്‍: ടൂറിസം പദ്ധതി പ്രദേശത്തെ പ്രധാന റെയില്‍വെ സ്റ്റേഷനായ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ റെയില്‍വെ ആക്ഷന്‍ കമ്മിറ്റി നാളെ പ്രക്ഷോഭമാരംഭിക്കും. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടക്കുന്ന ധര്‍ണ്ണ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്‌ഘാടനം ചെയ്യും. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ എം എല്‍ എയുമായ കെ കുഞ്ഞിരാമനടക്കമുള്ള പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും ധര്‍ണ്ണയില്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
പ്‌ളാറ്റ് ഫോം അടക്കം റെയില്‍വെ സ്റ്റേഷന്റെ വികസനത്തിനായി രണ്ടര വര്‍ഷം മുമ്പ് മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്റെ വികസന ഫണ്ടില്‍ നിന്നും ഒരു കോടി 40 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും തുക നാളിതുവരെയും വിനിയോഗിക്കുകയോ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. നിലവിലുള്ള പ്‌ളാറ്റ് ഫോമുകള്‍ ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. തുടക്കത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കമാരംഭിച്ചിരുന്നുവെങ്കിലും തുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നുവത്രെ.
ഈ സമരം തുടക്കമാണെന്നും ഇതുകണ്ടു പഠിച്ചില്ലെങ്കില്‍ പ്രതിഷേധം ആളിപ്പടരുമെന്നും സംഘാടകര്‍ മുന്നറിയിച്ചു. മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ ഇതുസംബന്ധിച്ച യോഗം ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ ആധ്യക്ഷം വഹിച്ചു. പി കെ അബ്‌ദുള്‍ റഹ്മാന്‍, സത്യന്‍, ഗംഗാധരന്‍, പി കെ അബ്‌ദുല്ല, എം എ ലത്തീഫ്, സിദ്ധീഖ്, നസ്‌റീന്‍ വഹാബ്, എം കെ പ്രശാന്ത് കുമാര്‍, ടി കെ രാജേഷ്, കുഞ്ഞാമദ്, സൂരജ് വി, കുഞ്ഞബ്‌ദുല്ല, കെ ഇ എ ബക്കര്‍ പ്രസംഗിച്ചു.