കഞ്ചാവ് കടത്ത് കേസിലെ പ്രതിയെ മൂന്നുവര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

 കാസര്‍കോട്: തമിഴ്നാട്ടിലെ തേനിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തി ക്കൊണ്ടുവന്ന കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ കോടതി മൂന്നുവര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം നെടുങ്കണ്ടം സ്വദേശി അനസിനെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്.

2013 ജൂണ്‍ 8ന് ഉച്ചക്ക് 1.45 ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് അനസിനെ അന്നത്തെ കാസര്‍കോട് എസ്.ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. അനസിന്റെ കയ്യിലെ ബാഗില്‍ 2.100 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി അനസും തിരുവനന്തപുരം നെടുങ്കണ്ടം സ്വദേശി രത്‌നകുമാറും ചേര്‍ന്ന് തമിഴ്നാട്ടിലെ തേനിയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് കാസര്‍കോട്ടേക്ക് വില്‍പ്പനക്കായി ട്രെയിനില്‍ എത്തിക്കുകയായിരുന്നുവെന്ന് വ്യക്തമായി.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സി.കെ സുനില്‍ കുമാര്‍, വി. ബാലകൃഷ്ണന്‍, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബു എന്നിവരായിരുന്നു അന്വേഷണം നടത്തിയത്. സി.ഐ പി.കെ സുധാകരനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ബാലകൃഷ്ണന്‍ ഹാജരായി.

പ്രതി അനസ് മറ്റൊരു കേസില്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കേസിലെ രണ്ടാം പ്രതി ജെ.കെ രത്‌നകുമാര്‍ ഒളിവിലാണ്. ഇയാളുടെ കേസ് പിന്നീട് പരിഗണിക്കും.


أحدث أقدم
Kasaragod Today
Kasaragod Today