കാസര്‍കോട്: ജില്ലയില്‍ കര്‍ണ്ണാടക വിദേശമദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചു. കേരള നിര്‍മ്മിത മദ്യത്തിനേക്കാളും വേഗത്തില്‍ ലഹരി ലഭിക്കുമെന്നതും തുച്ഛമായ വിലയ്‌ക്ക് മദ്യം ലഭ്യമാക്കുമെന്നതുമാണ് ഇടത്തരക്കാരെ കര്‍ണ്ണാടക മദ്യത്തിന് അടിമകളാക്കിയതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ലോക്ക് ഡൗണ്‍ കാലത്താണ് കര്‍ണ്ണാടകയില്‍ നിന്നുള്ള പാക്കറ്റ് മദ്യത്തിന്റെ കുത്തൊഴുക്ക് കേരളത്തിലേയ്‌ക്ക് ഉണ്ടായിത്തുടങ്ങിയത്. 40 രൂപ മുതല്‍ 60 രൂപവരെ നല്‍കിയാല്‍ കര്‍ണ്ണാടകയില്‍ ഒരു പാക്കറ്റ് മദ്യം ലഭിക്കും. ഇതു കേരളത്തിലെത്തിച്ച് 200 രൂപ നിരക്കിലാണ് ലോക്ക് ഡൗണ്‍ കാലത്ത് വില്‍പ്പന നടത്തിയത്. ഇപ്പോള്‍ 100 രൂപയ്‌ക്കാണ് വില്‍പ്പന. സ്ഥിരമായി മദ്യപിക്കുന്ന ഒരാള്‍ക്ക് 200 രൂപ നല്‍കിയാല്‍ ആവശ്യത്തിനു ലഹരിലഭിക്കുന്നു. ഇതാണ് പലരെയും കര്‍ണ്ണാടക മദ്യത്തിലേയ്‌ക്ക് ആകര്‍ഷിക്കുന്നത്. ഇതിനകം തന്നെ കൂലിത്തൊഴിലാളികളടക്കം ഉള്ള നൂറുകണക്കിനു പേര്‍ കര്‍ണ്ണാടക മദ്യത്തിന്റെ അടിമകളായി തീര്‍ന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളത്തിലേയ്‌ക്കുള്ള കര്‍ണ്ണാടക മദ്യക്കടത്ത് തടയാന്‍ പൊലീസ് കര്‍ശന നടപടി തുടങ്ങി.
കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി അഡുക്കത്തുബയലില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടയില്‍ 1728 പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി രണ്ടുപേരെ അറസ്റ്റു ചെയ്‌തു. കുമ്പള, സൂരംബയലിലെ സുബ്രഹ്മണ്യന്‍, മൊഗ്രാലിലെ മുസമ്മില്‍ (25) എന്നിവരാണ് അറസ്റ്റിലായത്. മദ്യക്കടത്തിനു ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.