ചെറുവത്തൂര്‍: വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന സംഘം ഉറങ്ങിക്കിടന്ന വൃദ്ധന്റെ കഴുത്തില്‍ കയര്‍ കുരുക്കിയും തലയ്‌ക്കടിച്ചും കൊലപ്പെടുത്തി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിലിക്കോട്, മടിവയലില്‍ ഇന്നലെ രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്. പത്താനത്ത് കുഞ്ഞമ്പു (66)ആണ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടങ്ങി. കൊലയാളികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ ഒളിവില്‍ പോയി.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് കൊലപാതകം. സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-“ ഇന്നലെ രാത്രി ആരോ ഒരാള്‍ പഞ്ചായത്തിന്റെ അധീനതയില്‍ ഉള്ള ആംബുലന്‍സ് ഡ്രൈവറുടെ ഫോണിലേയ്‌ക്ക് വിളിച്ചു. മടിവയലിലെ ഒരാള്‍ക്ക് കോവിഡ് മൂര്‍ച്ഛിച്ചിട്ടുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവര്‍ ആംബുലന്‍സുമായി എത്തി. എന്നാല്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വിളിച്ച നമ്പറിലേയ്‌ക്ക് തിരികെ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ ചന്തേര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് രാജു എന്ന പേരിലുള്ള നമ്പറില്‍ നിന്നാണെന്നും വ്യക്തമായി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത് മടിവയലിലെ വീടും. തുടര്‍ന്ന് സംഘം ചെന്നെത്തിയത് കുഞ്ഞമ്പുവിന്റെ വീട്ടില്‍. പൊലീസ് സംഘം വീട്ടില്‍ എത്തിയപ്പോള്‍ വീടിന്റെ അടുക്കള ഭാഗത്തെവാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി.
അകത്ത് കയറി നോക്കിയപ്പോള്‍ കുഞ്ഞമ്പുവിനെ കട്ടിലിനു മുകളില്‍ മരിച്ചു കിടക്കുന്നതു കണ്ടു. കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടും തലയില്‍ മുറിവും ചുമരില്‍ ചോരപ്പാടുകളും കണ്ടെത്തി. ഭാര്യ ജാനകിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല. മകന്‍ പ്രജീഷ് സ്ഥലത്തു ഉണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.