കൊച്ചിയില്‍ പിടിച്ചത് 1.99 കിലോ എംഡിഎംഎ, എഫ്‌ഐആറില്‍ പ്രതികളുടെ പേരില്‍ 86 ഗ്രാം മാത്രം, അട്ടിമറി ശ്രമമെന്ന് ആരോപണം
ബാക്കി ഒരു കിലോയിലധികം എംഡിഎംഎ ഉടമസ്ഥരില്ലാതെയാണ് കണ്ടെത്തിയതെന്നാണ് എക്സൈസിന്റെ മഹസര്‍ റിപ്പോര്‍ട്ടിലും എഫ് ഐആറിലുമുള്ളത്. കേസില്‍ പിടിയിലായ ഒരു യുവതിയെ ചോദ്യം ചെയ്യാതെ വിട്ടയച്ചതിലും പരാതി ഉയരുന്നുണ്ട്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ രഹസ്യന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. എന്നാല്‍ കേസില്‍ വീഴ്ചുണ്ടായിട്ടില്ലെന്നാണ് എക്സൈസ് നല്‍കുന്ന വിശദീകരണം. അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി.
രണ്ട് എഫ്‌ഐആറ് ആണ് കേസിലുള്ളത്. ആദ്യത്തേതില്‍ 5 പ്രതികളുടെ പേരില്‍ 86 ഗ്രാം ലഹരിമരുന്ന് കണ്ടെത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെ എഫ് ഐആറില്‍ മാന്യമായ വസ്ത്രം ധരിച്ച ഒരു വഴിപോക്കന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാക്കനാട്ടെ ഒരു ഫ്ലാറ്റ് പരിസരത്തെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ പരിശോധിച്ചപ്പോള്‍ ലഹരിമരുന്ന് കണ്ടെത്തിയെന്നാണ് ഉള്ളത്. ആദ്യ കേസിലെ പ്രതികളിലൊരാളുടെ ഐഡി കാര്‍ഡും ഇതില്‍ നിന്നും കണ്ടെത്തിയിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് പരിശോധന നടത്തിയതെന്ന വിവരമടക്കം ഒഴിവാക്കി 'വഴിപോക്കന്‍' വിവരം നല്‍കിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനില്‍ 5 അംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിലും ഒരു കിലോയിലേറെ എംഡിഎഎയും കണ്ടെത്തിയിരുന്നു. പിടികൂടിയ മയക്കുമരുന്ന് ചെന്നൈയില്‍ നിന്നാണ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴിയും നല്‍കി. മൂന്ന് തവണ ഇതിനായി ചെന്നൈയില്‍ പോയി വന്നിട്ടുണ്ടെന്ന വിവരവും ലഭിച്ചു. മുന്‍പ് എത്തിച്ചവയെല്ലാം കൊച്ചിയിലും പരിസരങ്ങളിലും ഇടനിലക്കാര്‍ വഴി വിറ്റഴിച്ചുവെന്ന വിവരവും പുറത്ത് വന്നിരുന്നു. പക്ഷേ എഫ് ഐആറിലും മഹസര്‍ റിപ്പോര്‍ട്ടിലും ഒന്നര കിലോയോളം ലഹരിമരുന്നിന് ഉടമസ്ഥരില്ലെന്ന വിചിത്രവാദമാണ് നിരത്തുന്നത്.