കാസര്‍കോട്: നായന്മാര്‍മൂലയിലെ മത്സ്യ വ്യാപാരിയായ പരവനടുക്കം നെച്ചിപ്പടുപ്പിലെ മുഹമ്മദ് സുജീറിനെ ദിര്‍ഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കടലാസ്‌കെട്ട് നല്‍കി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിന് ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെടുത്തു. പെരുമ്പള, വിഷ്‌ണപ്പാറയിലെ ഒരു കടയുടെ പിന്‍ഭാഗത്ത് ഒളിപ്പിച്ചുവെച്ച നിലയിലാണ് ബൈക്ക് വിദ്യാനഗര്‍ പൊലീസ് കണ്ടെത്തിയത്. പ്രതികളായ ബംഗ്ലാദേശ് പൗരനും ഝാര്‍ഖണ്ഡില്‍ താമസക്കാരനുമായ ഫാറൂഖ് ഷേഖ്, അഹമ്മദാബാദില്‍ താമസക്കാരനായ ജുവല്‍ അലി എന്നിവരെ വിദ്യാനഗര്‍ പൊലീ സ് സ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിലാണ് ബൈക്ക് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ബൈക്കിലാണ് പ്രതികള്‍ എത്തി തട്ടിയെടുത്ത പണവുമായി മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം പരാതിക്കാരന്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഓട്ടോ ഡ്രൈവറുടെ കൈയില്‍ നിന്ന് സമാന രീതിയില്‍ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ആണ് വര്‍ഷങ്ങളായി പൊലീസിന്റെ നോട്ടപ്പുള്ളികളായി കഴിയുന്ന ഫാറൂഖ് ഷേഖിനെയും ജുവല്‍ അലിയെയും ആദ്യം അറസ്റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിലാണ് സമാനമായ രീതിയില്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരാളില്‍ നിന്നും പണം തട്ടിയതായി വ്യക്തമായത്.
വ്യാജ ദിര്‍ഹം നൽകി തട്ടിപ്പ്: പ്രതികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി, പ്രതികളെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു
mynews
0