കാട്ടാന ഭീതിയില്‍ കഴിയുന്ന പ്രദേശങ്ങള്‍ക്ക്‌ സംരക്ഷണം, ആനമതില്‍ പദ്ധതിയുടെ സര്‍വേക്ക്‌ തുടക്കമായി

കാറഡുക്ക: കാട്ടാന ഭീതിയില്‍ കഴിയുന്ന പ്രദേശങ്ങള്‍ക്ക്‌ സംരക്ഷണം തീര്‍ക്കുന്ന ആനമതില്‍ പദ്ധതിയുടെ സര്‍വേക്ക്‌ തുടക്കമായി. സംസ്ഥാനത്തെ മാതൃകാ പദ്ധതിയായി അംഗീകാരം നല്‍കിയ കാറഡുക്ക ആനപ്രതിരോധ പദ്ധതിയുടെ ഭാഗമായാണ്‌ സര്‍വേ ദേലംപാടി പഞ്ചായത്തിലെ പുലിപ്പറമ്പില്‍ നിന്നാണ്‌ സര്‍വേക്ക്‌ തുടക്കമായത്‌. കാട്ടാന ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ആദ്യവാരം തന്നെ തൂക്കുവേലി നിര്‍മ്മാണം ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ കാട്ടാന ശല്യം നേരിടുന്ന അഞ്ച്‌ പഞ്ചായത്തുകളിലാണ്‌ കാട്ടാന പ്രതിരോധ പദ്ധതി നടപ്പാക്കുന്നത്‌. തലപ്പച്ചേരി മുതല്‍ പുലിപ്പറമ്പ്‌ വരെയുള്ള 29 കിലോമീറ്ററില്‍ തൂക്ക്‌ വേലിയാണ്‌ സ്ഥാപിക്കുന്നത്‌. ചാമക്കൊച്ചി മുതല്‍ വെള്ളക്കാന വരെയുള്ള എട്ട്‌ കിലോമീറ്ററിലാണ്‌ ആദ്യഘട്ടത്തില്‍ തൂക്കുവേലി സ്ഥാപിക്കുക. നിര്‍മ്മാണത്തിനും പരിപാലനത്തിനുമായി അഞ്ച്‌ കോടി രൂപയാണ്‌ പദ്ധതിക്ക്‌ പ്രതീക്ഷിക്കുന്നത്‌. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ ആവിഷ്‌കരിച്ച്‌ തദ്ദേശ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായാണ്‌ പദ്ധതി നടപ്പില്‍ വരുന്നത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ മതിലുകള്‍ നിര്‍മ്മിച്ച്‌ വൈദഗ്‌ധ്യമുള്ള കേരളാ പൊലീസ്‌ ഹൗസിങ്‌ ആന്റ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷനാണ്‌ നിര്‍മാണ ചുമതല. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മാത്യു, ദേലംപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉഷ, ഡി.എഫ്‌.ഒ പി ധനേഷ്‌ കുമാര്‍, ദേലംപാടി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഡി.എ. അബ്ദുള്ളക്കുഞ്ഞി, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേന്ദ്രന്‍ ചാമക്കൊച്ചി, പഞ്ചായത്തംഗങ്ങള്‍, കേരള പൊലീസ്‌ ഹൗസിങ്‌ ആന്റ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍ പി എം ഹംസ, കാസര്‍കോട്‌ റെയ്‌ഞ്ച്‌ ഓഫീസര്‍ ടി ജി സോളമന്‍, സെക്ഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍മാര്‍, ആര്‍.ആര്‍.ടി ടീം അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സര്‍വേക്കെത്തി.
Previous Post Next Post
Kasaragod Today
Kasaragod Today