കേരളത്തിലാദ്യമായി മുറിവുകളൊന്നുമില്ലാത്ത ലാപ്പറോസ്‌കോപിക് ഗൈനക് ശസ്ത്രക്രിയ, കണ്ണൂര്‍ ആസ്റ്റർ മിംസില്‍

കണ്ണൂര്‍: ലാപ്പറോസ്‌കോപിക് സര്‍ജറി രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ശരീരത്തില്‍ ചെറിയ മുറിവ് പോലും സൃഷ്ടിക്കാത്ത നൂതന രീതിയായ വിനോട്സ് (Vaginal Natural Orifice Transluminal Endoscopic Surgery) സംവിധാനം കേരളത്തിലാദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ഗര്‍ഭപാത്രത്തില്‍ മുഴയും അമിത രക്തസ്രാവവും മൂലം ബുദ്ധിമുട്ടനുഭവിച്ച 44 വയസ്സുകാരിയില്‍ ആണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആദ്യമായി ഈ ചികിത്സാരീതി വിജയകരമായി നിര്‍വ്വഹിച്ചത്. സര്‍ജറിയുടെ തൊട്ടടുത്ത ദിവസം തന്നെ അവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. വേദനയും മറ്റ് ബുദ്ധിമുട്ടുകളും താരതമ്യേന വളരെ കുറവാണെന്ന് അവര്‍ പറഞ്ഞു. ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, ഗര്‍ഭാശയ മുഴ നീക്കം ചെയ്യല്‍, അണ്ഡവാഹനി കുഴല്‍ നീക്കം ചെയ്യല്‍ പോലുള്ള ഗൈനക്കോളജിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ക്കാണ് വിനോട്ട് കൂടുതല്‍ അനുയോജ്യമാകുന്നത്. ശരീരത്തിലെ പ്രകൃതിദത്തമായ സ്വാഭാവിക സുഷിരങ്ങളിലൂടെ ലാപ്പറോസ്‌കോപ് കടത്തിവിട്ട് താക്കോല്‍ദ്വാര ശസ്ത്രക്രിയാ രീതിയിലൂടെയാണ് വിനോട്ട് നിര്‍വ്വഹിക്കുന്നത്. ലാപ്പറോസ്‌കോപിക് രീതിയിലുള്ളതിനേക്കാള്‍ വേദന കുറവ്, ചെറിയ മുറിവ് പോലും ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നില്ല, ഏറ്റവും വേഗത്തില്‍ സ്വാഭാവിക ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്, ഹോസ്പിറ്റല്‍ വാസദൈര്‍ഘ്യത്തിലെ കുറവ്, വേദന സംഹാരികളുടെ ആവശ്യം വളരെ കുറവ് മുതലായവയെല്ലാം ഈ ചികിത്സാ രീതിയുടെ സവിശേഷതകളാണ്. ഡോ. അയിഷ (കണ്‍സല്‍ട്ടന്റ് സര്‍ജന്‍), ഡോ. സാഗരിക, അനസ്തറ്റിസ്റ്റുമാരായ ഡോ. ശരത്, ഡോ. റാഷിഫ്, സിസ്റ്റര്‍ അംബിക എന്നിവർ ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ഒമാന്‍ & കേരള), ഡോ. ജുബൈരിയത്ത് ഡോ. അയിഷ, ഡോ. ശ്രീദേവി, ഡോ. സുപ്രിയ രഞ്ജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
أحدث أقدم
Kasaragod Today
Kasaragod Today