ഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങി. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും കൊവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ എന്‍ എന്‍ അറോറ വ്യക്തമാക്കി.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. ദില്ലിയിലെ സാഹചര്യം വിലയിരുത്താന്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ഇന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പകുതി ജീവനക്കാര്‍ മാത്രമായി ആയിരിക്കും പ്രവര്‍ത്തിക്കുക. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ ഒമിക്രോണ്‍, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചര്‍ച്ച ചെയ്യും. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിന്‍വലിച്ചിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്നലെ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.