കാസര്‍കോട്: മൂന്നുമാസക്കാലത്തെ അനിശ്ചിതത്വത്തിനു ശേഷം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുതിയ ജഡ്ജി ചുമതലയേറ്റു.
സി. കൃഷ്ണകുമാറാണ് ഇന്നലെ ചുമതലയേറ്റത്.
കോഴിക്കോട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് കൃഷ്ണകുമാറിന് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ജഡ്ജി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മൂന്നുമാസമായി മുടങ്ങിക്കിടന്ന ചീമേനി പുലിയന്നൂര്‍ ജാനകി വധക്കേസ് 10 നും കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസ് 11നും കോടതി പരിഗണിക്കും.
ജാനകി വധക്കേസില്‍ വിചാരണ പൂര്‍ത്തിയായെങ്കിലും അന്തിമവാദം തുടങ്ങാന്‍ സാധിച്ചിട്ടില്ല. റിയാസ് മൗലവി വധക്കേസിന്റെ വിചാരണ അവസാനഘട്ടത്തിലാണ്. രണ്ടു കേസുകളും ജില്ലാ കോടതിയിലെ അഞ്ച് ജഡ്ജിമാരാണ് സ്ഥലം മാറ്റത്തിനനുസരിച്ച് കൈകാര്യം ചെയ്തിരുന്നത്. അഞ്ചാമത്തെ ജഡ്ജിയും സ്ഥലം മാറിപ്പോയതോടെ രണ്ട് കേസുകളുടെയും നടപടികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു.
കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂര്‍ത്തിയാകാറായ ഘട്ടത്തിലാണ് കൊവിഡ് സാഹചര്യവും ജഡ്ജിമാരുടെ സ്ഥലംമാറ്റവും കാരണം മുടങ്ങിയത്.
2017 മാര്‍ച്ച് 20 ന് പുലര്‍ച്ചെയാണ് മൗലവിയെ ചൂരി പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡെ ഗംഗെനഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികള്‍.