കാസർകോട്ടേക്ക് എംഡിഎംഎ മയക്കു മരുന്ന് എത്തുന്നത് മംഗളൂരു വഴിയാണെന്ന് കണ്ടെത്തൽ, കാരിയറായി വിദ്യാർത്ഥികൾ മുതൽ സ്ത്രീകൾ വരെ

കാഞ്ഞങ്ങാട്: ഏറെ ആവശ്യക്കാരുള്ള എംഡിഎംഏ എന്ന രാജ്യാന്തര മയക്ക് മരുന്ന് അധികമായും കേരളത്തിലെത്തുന്നത് മംഗളൂരു വഴിയാണെന്ന്  അന്വേഷണത്തിൽ കണ്ടെത്തി.
മാരക ലഹരി വസ്തുക്കൾ ജില്ലയിൽ എത്തിക്കുന്ന സംഘത്തിൽ കാരിയറായി സ്ത്രീകളും വിദ്യാർത്ഥികളുമുണ്ട്,
 കാസർകോടിന്റെ കർണ്ണാടക അതിർത്തി കേന്ദ്രീകരിച്ചാണ് ഇത്തരം മയക്ക് മരുന്നിന്റെ കൈമാറ്റം നടക്കുന്നതെന്നാണ് പോലീസന്വേഷണത്തിൽ ലഭിച്ച സൂചന. കഴിഞ്ഞാഴ്ച കാസർകോട് പിടിയിലായവരിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. എംഡിഎംഏ മൊത്ത വ്യാപാരം ബംഗളൂരു കേന്ദ്രീകരിച്ചാണ്. ബംഗളൂരുവിൽ നിന്ന് മംഗളൂരുവിലെത്തിക്കുന്ന മയക്കുമരുന്ന് ഏജന്റുമാർ രഹസ്യ സങ്കേതത്തിൽ കേരള സംഘത്തിന് കൈമാറുന്നു. ഇതിനാൽ സംസ്ഥാനത്ത് ഏറ്റവുമധികം എംഡിഎംഏയുമായി യുവാക്കൾ പിടിയിലാവുന്നത് കാസർകോട് ഭാഗത്ത് നിന്നുള്ളവരാണ്. രണ്ടു പേർ 243 ഗ്രാം എംഡിഎംഏയുമായാണ് ഞായറാഴ്ച പിടിയിലായത്. രണ്ടാഴ്ചയ്ക്കകം 66 കേസ്സുകളിലായി 91 പേർ മയക്കുമരുന്ന് കഞ്ചാവ് കേസ്സുകളിലായി കാസർകോട്ട് പിടിയിലായിട്ടുണ്ട്. ജനുവരി 14 ന് കഞ്ചാവുമായി പിടിയിലായ കബീർ, ആഷിക് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചത്. എക്സറ്റ്സി എന്നറിയപ്പെടുന്ന മെത്തലീൻ ഡയോക്സി മെത്താംഫെറ്റമിൻ എന്ന മയക്കുമരുന്നാണ് എംഡിഎംഏ എന്നറിയപ്പെടുന്നത്. ഇതിന് ഗ്രാമിന് രണ്ടായിരം രൂപയാണ് മൊത്ത വിതരണക്കാർ കൈപ്പറ്റുന്നത്. കേരളത്തിലെത്തിക്കുന്ന ഏജന്റുമാർ ഗ്രാമിന് 7,000 രൂപയ്ക്കാണ് ഇത് മറിച്ചു വിൽക്കുന്നത്. മയക്കുമരുന്നിൽ ഏറ്റവും മുന്തിയ ഇനമായാണ് ആവശ്യക്കാർ ഇതിനെ കാണുന്നത്. 10 ഗ്രാം എംഡിഎംഏ കൈവശം വെച്ചാൽ പത്ത് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാവുന്നതിനാൽ, അതിൽ കുറഞ്ഞ അളവിൽ സൂക്ഷിക്കാനുള്ള മിടുക്കും ചിലർക്കുണ്ടെന്നാണ് അന്വേഷകർ കരുതുന്നത്. എംഡിഎംഏയുടെ ഉറവിടവും ഏജന്റുമാരെയും സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് ഉയർന്ന പോലീസുദ്യോഗസ്ഥൻ പറഞ്ഞു.
മാരക ലഹരി വസ്തുക്കൾ ജില്ലയിൽ എത്തിക്കുന്ന സംഘത്തിൽ കാരിയറായി സ്ത്രീകളും. വിവിധയിടങ്ങളിൽ അടുത്തിടെ പൊലീസ് നടത്തിയ പരിശോധനയിലാണു സ്ത്രീകൾ കടത്തു സംഘത്തിൽ കണ്ണികളാണെന്നു തിരിച്ചറിഞ്ഞത്. എന്നാൽ ഇവരിൽ നിന്നു ലഹരി വസ്തുക്കൾ പിടികൂടാത്തതിനാൽ കേസെടുക്കാനോ തുടർ നടപടി സ്വീകരിക്കാനോ പൊലീസിനായില്ല. 

രണ്ടാഴ്ച മുൻപ് കാസർകോട് സബ് ഡിവിഷൻ പരിധിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഒരു വാഹനം പിടികൂടിയിരുന്നു. സ്ത്രീ ഉൾപ്പെടെ 4 പേരായിരുന്നു ഇതിലുണ്ടായിരുന്നത്. ലഹരി മരുന്നു കടത്തുകയാണെന്ന വിവരത്തെ തുടർന്നാണു പൊലീസ് വാഹനം തടഞ്ഞത്.  4 പേരെയും വാഹനവും സ്റ്റേഷനിൽ എത്തിച്ചു പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. വനിതാ പൊലീസുകാരുടെ നേതൃത്വത്തിൽ സ്ത്രീയെ പരിശോധിക്കവേ ശുചിമുറിയിൽ പോകണമെന്നാവശ്യപ്പെട്ടു യുവതി ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്നു ശുചിമുറിയിൽ പോകാൻ അനുവദിച്ചു. പിന്നീട് ഏറെ സമയം കഴിഞ്ഞു‘കൂൾ’ ആയിട്ടാണു യുവതി ശുചിമുറിയിൽ നിന്നു പുറത്തിറങ്ങിയത്. വസ്ത്രത്തിനകത്ത് ഒളിപ്പിച്ചിരുന്ന മയക്കുമരുന്ന് ഇതിനിടെ നശിപ്പിച്ചുവെന്നാണു പൊലീസിനു പിന്നീടു മനസ്സിലാകാനായത്. പത്തനംതിട്ട സ്വദേശിനിയായ യുവതി ബെംഗളൂരുവിൽ നിന്നാണു എത്തിയതെന്നും വിവാഹമോചിതയാണെന്നും ഗൾഫിൽ ബിസിനസ്സാണെന്നുമൊക്കെ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴിയാണു നൽകിയത്. 

ഭർത്താവും ഭാര്യയും ഒന്നിച്ചു ലഹരി വിൽപന

ഒട്ടേറെ കേസുകളിലെ പ്രതിയായ കാസർകോട് നഗരത്തിനടുത്തെ ഒരു യുവാവിന്റെ ഭാര്യയായ യുവതി മയക്കുമരുന്നു കാരിയർ ആണെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ലഹരി വസ്തുക്കളുമായി പിടൂകൂടാനായില്ല. വാടക ക്വാർട്ടേഴ്സിലെ താമസക്കാരായ ഇവർ മാസത്തിൽ പകുതിയിലേറെ ദിവസവും ക്വാർട്ടേഴ്സിൽ താമസിക്കാറില്ലെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നു കാസർകോട്, കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു മയക്കുമരുന്നു എത്തിക്കുന്ന പ്രധാനകണ്ണിയാണു യുവതി. അതിരാവിലെ കാസർകോട് എത്തുന്ന ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമാണു യുവതി സാധനങ്ങളുമായി ഇവിടേക്കു എത്തുന്നത്.

പൊലീസ് പരിശോധന ഒഴിവാക്കാൻ ബസുകളിൽ തനിച്ചാണു യാത്ര. സ്വകാര്യ വാഹനങ്ങളിൽ കുടുംബസമേതമാണു യാത്രയെന്നു തെറ്റിദ്ധരിപ്പിച്ച് പൊലീസ് പരിശോധന ഒഴിവാക്കിയാണു ലഹരിമരുന്നു കടത്തുന്നത്. കാസർകോട് നഗരത്തിൽ മരുന്ന് എത്തിച്ച് ഏജന്റുമാർക്കു നൽകുന്നതോടെ കമ്മിഷനായി കയ്യിലെത്തുന്നത് ലക്ഷങ്ങളാണ്. ഭർത്താവാണ് ഏജന്റുമാർക്കു നൽകാനായി സാധനങ്ങൾ യുവതിക്ക് എത്തിച്ചു നൽകുന്നത്.

‌വല വിരിച്ച് വനിതാ പൊലീസും

ബേക്കൽ പൊലീസ് സബ് ഡിവിഷൻ പരിധിയിലെ ലഹരിക്കടത്തു കേസിലെ പ്രതിയായ യുവാവിന്റെ വീട്ടിൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ സംശയകരമായ സാഹചര്യത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. പുലർച്ചെ എത്തിയ യുവതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗ് രാവിലെ ഒരാളെത്തി കൊണ്ടു പോയെന്നു യുവാവിന്റെ മാതാവ് പൊലീസിനോടു പറഞ്ഞു. എന്നാൽ ഇതേ കുറിച്ച് യുവതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടാത്തതിനാൽ പൊലീസ് തിരിച്ചു പോവുകയായിരുന്നു. 

രാത്രികളിൽ സ്ത്രീകളെ പരിശോധിക്കില്ലെന്ന ധാരണയിൽ ജില്ലയിലെ ഒട്ടേറെ സ്ത്രീകൾ കടത്തു സംഘത്തിലുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇതിനായി വനിതാ പൊലീസുകാരുടെ സാന്നിധ്യത്തിൽ സംശയമുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പരിശോധിച്ച് കടത്തു സംഘത്തെ അമർച്ച ചെയ്യാനൊരുങ്ങുകയാണു കാസർകോട്ടെ പൊലീസ് സംഘം.


2 ദിവസം മുൻപ് ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെ ഒരു വിദ്യാർഥിയെ അധികൃതർ പിടികൂടുകയുണ്ടായി. ഇതേച്ചൊല്ലി ഒരു സ്ഥാപനത്തിനകത്തും പുറത്തുമായി വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത് കടുത്ത ആശങ്കയുണ്ടാക്കി.

ആളൊഴിഞ്ഞ ചില വാടക വീടുകൾ, തീര പ്രദേശങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുടെ പരിസരങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് മാഫിയ വിപണനത്തിനായി ഉപയോഗിക്കുന്നത്. എളുപ്പത്തിൽ ധന സമ്പാദനം ലക്ഷ്യമാക്കി യുവാക്കളും വിദ്യാർഥികളും വിപണന മേഖലയിൽ ആകൃഷ്ടരാകുന്നു. ലഹരി മരുന്ന് മാഫിയയെ അമർച്ച ചെയ്യുന്നതിനു ശക്തവും കുറ്റമറ്റതുമായ നടപടികളിലേക്കു അധികൃതർ നീങ്ങിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകും.
Previous Post Next Post
Kasaragod Today
Kasaragod Today