കാസർകോട് ഉളിയത്തടുക്ക പെട്രോൾ പമ്പിലുണ്ടായ അക്രമ സംഭവം, രണ്ട് പേർ പിടിയിൽ,ഉച്ചയ്ക്കുശേഷം ജില്ലയിലെ മുഴുവൻ പമ്പുകളും അടച്ചിടുമെന്ന്

വിദ്യാനഗർ: പെട്രോൾ കടംനൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പമ്പിനുനേരേ അക്രമം. ഉടമയുടെ സഹോദരന്‌ പരിക്കേറ്റു. ഉളിയത്തടുക്കയിൽ പി.എ. അബ്ദുൾ അസീസിന്റെ ഉടമസ്ഥതയിലുള്ള എ.കെ. സൺസ് പെട്രോൾ പമ്പിന് നേരേയാണ് അക്രമം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ ബർമിനടുക്കയിലെ സാബിത്ത് പമ്പിൽ ബൈക്കിലെത്തി പെട്രോൾ കടം ചോദിച്ചു. ജീവനക്കാരൻ നൽകിയില്ല. ശനിയാഴ്ച പമ്പിലെത്തിയ സാബിത്തിനോട് പമ്പുടമയുടെ സഹോദരനായ അബ്ദുൾ സലാം ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. വൈകീട്ട് ആറോടെ സാബിത്തിന്റെ സഹോദരൻ ഹനീഫ് സുഹൃത്തുക്കൾക്കൊപ്പമെത്തി അബ്ദുൾ സലാമിനെ അക്രമിക്കുകയായിരുന്നു. കൊരുപ്പുകട്ട കൊണ്ടുള്ള അടിയേറ്റ് സലാമിന്റെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. സലാമിനെ തളങ്കരയിലെ സ്വകാര്യ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാനഗർ പോലീസ് അന്വേഷണം തുടങ്ങി. അതിന് പിന്നാലെ ഞായറാഴ്ച പുലർച്ചെ സാബിത്തിന്റെ മറ്റൊരു സഹോദരനായ അഷ്വാഖ് പെട്രോൾപമ്പിലെത്തി ഓഫീസ്‌ അക്രമിക്കുകയായിരുന്നു. ഓഫീസിലെ ഫർണിച്ചറും കംപ്യൂട്ടറുകളും ജനൽച്ചില്ലും മറ്റും അടിച്ച് തകർത്തു. രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി പമ്പുടമ അബ്ദുൾ അസീസ് പറഞ്ഞു. അക്രമം നടത്തിയ ഹനീഫ, റാഫി എന്നിവരെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു. പെട്രോൾ പമ്പുകൾ ഇന്ന്‌ അടച്ചിടും :ഉളിയത്തടുക്കയിലെ പെട്രോൾ പമ്പിനുനേരേ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമുതൽ അഞ്ചുവരെ ജില്ലയിലെ മുഴുവൻ പെടോൾ പമ്പുകളും അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. മഞ്ജുനാഥ കാമത്ത് അറിയിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today